ന്യൂഡെൽഹി: (www.kvartha.com) റെയിൽവേ എസി-3 ഇക്കോണമി ക്ലാസ് (AC-3 Economy) നിരക്ക് വീണ്ടും കുറച്ചു. എസി-3യുമായി താരതമ്യപ്പെടുത്തുമ്പോൾ, എസി-3 ഇക്കോണമി ക്ലാസിന്റെ നിരക്ക് ആറ് മുതൽ ഏഴ് ശതമാനം വരെ കുറവായിരിക്കും. ബുധനാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വന്നു. നേരത്തെ ഓൺലൈനായും കൗണ്ടർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് അധിക തുക തിരികെ നൽകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
എസി 3 ഇക്കോണമി കോച്ചിന്റെയും എസി 3 കോച്ചിന്റെയും നിരക്ക് തുല്യമാക്കി കഴിഞ്ഞ വർഷം റെയിൽവേ ബോർഡ് സർക്കുലർ ഇറക്കിയിരുന്നു. ഇതിനാണ് മാറ്റം വരുത്തിയത്. പുതിയ സർക്കുലർ പ്രകാരം യാത്രാനിരക്ക് കുറയുന്നതോടെ ഇക്കോണമി കോച്ചിൽ ബ്ലാങ്കറ്റും ബെഡ്ഷീറ്റും നൽകുന്ന സംവിധാനം തുടരും.
ഇക്കണോമി എസി-3 കോച്ച് കുറഞ്ഞ നിരക്കിൽ എസിയിൽ യാത്ര ചെയ്യാവുന്ന റെയിൽ സേവനമാണ്. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 'മികച്ചതും ചിലവുകുറഞ്ഞതുമായ എസി യാത്ര' ലഭ്യമാക്കുന്നതിനാണ് ഇക്കോണമി എസി-3 കോച്ച് അവതരിപ്പിച്ചത്. റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, എസി 3 കോച്ചിലെ ബെർത്തുകളുടെ എണ്ണം 72 ആണ്, അതേസമയം എസി 3 ഇക്കോണമിയിലെ ബെർത്തുകളുടെ എണ്ണം 80 ആണ്. എസി 3 കോച്ചിനെ അപേക്ഷിച്ച് എസി 3 ഇക്കോണമി കോച്ചിന്റെ ബെർത്ത് വീതി അല്പം കുറവാണെന്നത് കൊണ്ടാണ് സീറ്റുകൾ കൂടിയത്.
Keywords: New Delhi, National, News, Indian Railway, Train,Passengers, Officers, Top-Headlines, Indian railways reduces fare of AC-3 tier economy tickets.