ഭോപാല്‍: (www.kvartha.com) കൃഷിക്കായി പോത്തിനെ വാങ്ങാനോരുങ്ങിയ കര്‍ഷകന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നുള്ള ഒരു കര്‍ഷകനാണ് ഓണ്‍ലൈനായി പോത്തിനെ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് സംഘങ്ങളുടെ ഇരയായത്. ഹോതം സിംഗ് ബാഗേല്‍ എന്ന കര്‍ഷകന് പലതവണയായി 87,000 രൂപ നഷ്ടമായതായാണ് പരാതി.
പരാതിക്കടിസ്ഥാനമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജയ്പൂരിലെ ശര്‍മ്മ ഡയറി ഫാമില്‍ നിന്നാണ് ഹോതം സിംഗ് ഓണ്‍ലൈനായി പോത്തിനെ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തത്. ഫേസ്ബുകില്‍ കണ്ട പരസ്യത്തിലൂടെയാണ് ഹോതം സിംഗ് ബാഗേല്‍ 60,000 രൂപ ഓണ്‍ലൈനായി നല്‍കി പോത്തിനായി ഓര്‍ഡര്‍ ചെയ്തത്.
ഫാമിന്റെ ഉടമ അശോക് കുമാര്‍ ശര്‍മ്മയുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് സിംഗ് കച്ചവടം ഉറപ്പിച്ചത്. പോത്തിനെ ജയ്പൂരില്‍ നിന്ന് ഗ്വാളിയോറിലേക്ക് കൊണ്ടുവരുന്നതിനുള്ള വാഹന ചിലവായി 4,200 രൂപ കൂടി ശര്‍മ്മ അധികമായി ആവശ്യപ്പെട്ടിരുന്നു. ഈ പണവും സിംഗ് ഓണ്‍ലൈനായി തന്നെ നല്‍കി.
എന്നാല്‍ ശര്‍മ്മ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പോത്ത് ഗ്വാളിയോറില്‍ എത്തിയില്ല. തുടര്‍ന്ന് സിംഗ് വീണ്ടും ശര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ വാഹനത്തിന്റെ ജിപിഎസ് ട്രാകിംഗ് സംവിധാനം നഷ്ടപ്പെട്ടതിനാല്‍ അത് നന്നാക്കുന്നതിനായി 12000 രൂപ കൂടി അധികമായി നല്‍കണമെന്ന് ശര്‍മ ആവശ്യപ്പെട്ടു. വേറെ വഴിയില്ലാത്തതിനാല്‍ ആ പണവും നല്‍കാന്‍ സിംഗ് നിര്‍ബന്ധിതനായി. കൈവശം പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ആ പണം നല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഇതിനിടെ ശര്‍മ്മ എന്നയാള്‍ വീണ്ടും വാക്കുമാറ്റി ജിപിഎസ് ട്രാകിംഗ് സംവിധാനം നേരെയാക്കണമെങ്കില്‍ 25000 രൂപ നല്‍കണമെന്ന് സിങ്ങിനെ അറിയിച്ചു. അങ്ങനെ 25000 രൂപ കൂടി സിംഗ് ശര്‍മ്മയ്ക്ക് ഓണ്‍ലൈനായി നല്‍കി. ഇത്രയും പണം നല്‍കിയിട്ടും പോത്തുമായി ഗോളിയാറിലേക്ക് വന്ന വണ്ടിയുടെ യാതൊരു വിവരവും സിങ്ങിന് ലഭിച്ചില്ല. ഒടുവില്‍ സിംഗ് വാഹനത്തിന്റെ ഡ്രൈവറെ നേരില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലായത്.
ഡ്രൈവറിന്റെ മറുപടി വന്ന വഴിക്ക് വാഹനം അപകടത്തില്‍പെട്ട് പോത്തിന്റെ കാലൊടിഞ്ഞുവെന്നും വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ചികിത്സാ ചെലവിനുമായി അല്പം കൂടി പണം വേണമെന്നും ആയിരുന്നു. ചതി മനസിലായതതോടെ സിംഗ് ഉടന്‍തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സിംഗിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇപ്പോള്‍ ശര്‍മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
Keywords: News, National, Madhya Pradesh, Local-News, Fraud, Complaint, Online, Police, Farmers, Agriculture, In Online Fraud, Farmer Loses Thousands To Scamster