ഇടുക്കി: (www.kvartha.com) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ മനോവിഷമത്തിലായിരുന്ന അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. ഉപ്പുതറ പഞ്ചായതിലെ നാലാംമൈല്‍ കൈതപ്പതാലില്‍ രാവിലെ 6 മണിയോടെയാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ ലിന്‍ ടോം എന്നിവരാണ് മരിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ഇടുക്കി പൂപ്പാറയ്ക്ക് അടുത്താണ് ലിജിയുടെ വീട്. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്. നവജാത ശിശു മരിച്ചതിന് പിന്നാലെ ലിജി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.
ബുധനാഴ്ചയായിരുന്നു കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. എന്നാല്‍ രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയി. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ വീട്ടില്‍ ലിജിയെയും മകനെയും കണ്ടില്ല. തുടര്‍ന്ന് തിരച്ചില്‍ നടത്തി. അപ്പോഴാണ് വീട്ടിലെ കിണറ്റില്‍ രണ്ട് പേരെയും കണ്ടെത്തിയത്.
അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Idukki, Death, Suicide, Obituary, Well, Local-News, Police, Dead Body, Idukki: Mother and Son found dead