Follow KVARTHA on Google news Follow Us!
ad

Parole | മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 'കൊടുംകുറ്റവാളി' റിപ്പര്‍ ജയാനന്ദന് 2 ദിവസത്തെ പരോള്‍ അനുവദിച്ച് ഹൈകോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Police,High Court of Kerala,Marriage,Kerala,
തിരുവനന്തപുരം: (www.kvartha.com) മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന് രണ്ടു ദിവസത്തെ പരോള്‍ അനുവദിച്ച് ഹൈകോടതി. നിലവില്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയാണ് റിപ്പര്‍ ജയാനന്ദന്‍. ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ജോസഫ് പരോള്‍ അനുവദിച്ചത്. ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ വിവിധ കൊലക്കേസുകളില്‍ പ്രതിയായി ശിക്ഷ അനുഭവിക്കുകയാണ് ജയാനന്ദന്‍.

മാര്‍ച് 21, 22 തീയതികളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പൊലീസ് അകമ്പടിയോടെയാകും ജയാനന്ദന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുക. യൂനിഫോം ഒഴിവാക്കി സാധാരണ വസ്ത്രത്തിലായിരിക്കണം ജയാനന്ദനൊപ്പം പൊലീസ് ഉണ്ടായിരിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

പുത്തന്‍വേലിക്കരയില്‍ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദന്‍, സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോള്‍. കൂര്‍ത്ത ആയുധങ്ങളുപയോഗിച്ചു സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കേസില്‍ അഞ്ചെണ്ണത്തില്‍ കുറ്റവിമുക്തനായി.

പുത്തന്‍വേലിക്കര കൊലപാതകത്തിനു പുറമേ തൃശൂര്‍ ജില്ലയില്‍ മാള പുളിപ്പറമ്പില്‍ പഞ്ഞിക്കാരന്‍ ജോസ് (42), മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ (58), മരുമകള്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിനി ഫൗസിയ (22), പെരിഞ്ഞനം കുറ്റിലകടവിലെ വ്യാപാരി കളപ്പുരയ്ക്കല്‍ സഹദേവന്‍ (62), ഭാര്യ നിര്‍മല (54), എറണാകുളം ജില്ലയിലെ പറവൂര്‍ ടൗണിലെ ബവ്റിജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാല ജീവനക്കാരന്‍ നന്ത്യാട്ടുകുന്നം അച്ചന്‍ചേരില്‍ സുഭാഷകന്‍ (53) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും ജയാനന്ദനായിരുന്നു പ്രതി സ്ഥാനത്ത്.

ഇതിനിടെ, പോണേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം എഴുപത്തിനാലുകാരിയെയും ബന്ധുവായ നാരായണ അയ്യരെയും (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ 2021 ഡിസംബറില്‍ റിപ്പര്‍ ജയാനന്ദനെ അറസ്റ്റ് ചെയ്തിരുന്നു. 2004 മേയ് 30നായിരുന്നു കൊലപാതകം.

കൊല നടന്ന വീട്ടില്‍ നിന്നു ജയാനന്ദന്‍ 44 പവന്‍ സ്വര്‍ണാഭരണങ്ങളും 15 ഗ്രാം വെള്ളി നാണയവും കവര്‍ന്നിരുന്നു. വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. പോണേക്കര കൊലപാതക വിവരങ്ങള്‍ ഇയാള്‍ സഹതടവുകാരുമായി പങ്കുവച്ചതാണു കേസിനു തുമ്പായത്.

HC allows plea to release Ripper Jayanandan on parole for daughter’s wedding,  Thiruvananthapuram, News, Police, High Court of Kerala, Marriage, Kerala

ഇതിനിടെ രണ്ടു തവണ ജയില്‍ ചാടിയും റിപ്പര്‍ ജയാനന്ദന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. 2013ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ആദ്യം ജയില്‍ ചാടിയത്. രാത്രി സെലിന്റെ പൂട് ആക്സോ ബ്ലേഡുകൊണ്ട് അറത്തുമാറ്റിയാണ് അന്ന് രക്ഷപ്പെട്ടത്. വിവരം പെട്ടെന്ന് അറിയാതിരിക്കാന്‍ സെലില്‍ തലയിണയും കിടക്കയും മനുഷ്യാകൃതിയില്‍ വച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ജയില്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന മുളയും മറ്റു തടികളും തുണികൊണ്ടു കൂട്ടിക്കെട്ടി ഏണി ഉണ്ടാക്കിയാണു ജയിലിന്റെ മതില്‍ ചാടിയത്.

പൂജപ്പുരയില്‍നിന്നു ചാടുന്നതിനു മൂന്നു വര്‍ഷം മുന്‍പു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും ജയാനന്ദന്‍ ചാടിയിട്ടുണ്ട്. അഴികള്‍ക്കിടയിലൂടെ കടക്കാന്‍ പട്ടിണി കിടന്നു മെലിഞ്ഞാണ് അന്നു രക്ഷപ്പെട്ടത്. കണ്ണൂരില്‍ ചാടിയപ്പോഴും സഹായത്തിന് സഹതടവുകാരനെയും കൂട്ടി.

Keywords: HC allows plea to release Ripper Jayanandan on parole for daughter’s wedding,  Thiruvananthapuram, News, Police, High Court of Kerala, Marriage, Kerala.

Post a Comment