ചണ്ഡീഗഡ്: (www.kvartha.com) കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് രാജ്യത്തെ വീണ്ടും നടുക്കിയ കൂട്ടബലാത്സംഗം നടന്നത്.
പൊലീസ് പറയുന്നത്: സോഹ്ന മേഖലയിലെ കായികമേളയ്ക്കിടെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി രണ്ട് സഹപാഠികളും മറ്റൊരാളും ചേര്‍ന്നാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തി സംഭവം ആരോടും പറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയും അച്ഛനും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.
ഒരു കുന്നിന്‍ പ്രദേശത്തേക്ക് കൊണ്ടുപോയാണ് പ്രതികള്‍ മാറിമാറി ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടിയുടെയും അച്ഛന്റെയും പരാതിയെത്തുടര്‍ന്ന്, മൂന്ന് പ്രതികള്‍ക്കെതിരെയും ഐ പി സി സെക്ഷന്‍ 363 (തട്ടിക്കൊണ്ടുപോകല്‍), 376 -ഡി എ (16 വയസിന് താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുക), പോക്സോ ആക്ട് സെക്ഷന്‍ 13/6 എന്നിവ പ്രകാരം സോഹ്ന സദര്‍ പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്താണ് കേസ് അന്വേഷിക്കുന്നതെന്നും സൗത് ഡി സി പി വ്യക്തമാക്കി.
മായങ്ക്, ഗൗരവ്, ഹരീഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടാനായുള്ള ഊര്‍ജിത തെരച്ചിലിലാണ് പൊലീസെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡി സി പി കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Molestation, Complaint, Crime, POCSO, Police Station, Threat, Haryana: School girl molested in Gurugram