Follow KVARTHA on Google news Follow Us!
ad

Hadi bin Hamood | വാഹനാപകടത്തെ തുടര്‍ന്ന് ജയില്‍ ശിക്ഷ; അഞ്ചര വര്‍ഷത്തിന് ശേഷം സഊദി സാമൂഹിക പ്രവര്‍ത്തകന്‍ ഹാദി ബിന്‍ ഹമൂദിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചനം; നരക യാതനയ്ക്ക് ശേഷം പുറത്തിറങ്ങിയ യുപി സ്വദേശി അവാദേശ് ശേഖറിനെ കാത്തിരുന്നത് വീട് ഉള്‍പ്പെടെ കൈനിറയെ സമ്മാനം, സമൂഹ മാധ്യമങ്ങളില്‍ കയ്യടി

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Dammam,Saudi Arabia,Police,Court,Jail,Gulf,World,
ദമ്മാം: (www.kvartha.com) വാഹനാപകടത്തെ തുടര്‍ന്ന്
ജയില്‍ ശിക്ഷ അനുഭവിച്ച ഉത്തര്‍പ്രദേശ് ബീജാപൂര്‍ സ്വദേശി അവാദേശ് ശേഖറിന് അഞ്ചര വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയപ്പോള്‍ ലഭിച്ചത് താന്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍.

സഊദി പൗരന്മാരുടെ കാരുണ്യം മോചനദ്രവ്യമായി കോടതിയിലെത്തിയപ്പോഴാണ് അവാദേശ് ശേഖറിന്റെ മോചനം സാധ്യമായത്. ഹാദി ബിന്‍ ഹമൂദ് അല്‍ഖഹ് ത്വാനി എന്ന സഊദി സാമൂഹികപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ട് കോടി രൂപക്ക് തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ച് ചൊവ്വാഴ്ചയാണ് 52കാരനായ അവാദേശ് ശേഖറിനെ റിയാദിന് സമീപം അല്‍ഹസാത് ജയിലില്‍നിന്ന് മോചിപ്പിച്ചത്.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ അവാദേശ് ശേഖറിനെ ഹാദി ബിന്‍ ഹമൂദ് സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇന്‍ഡ്യയിലേക്ക് മടങ്ങാന്‍ ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകാനുള്ളതുകൊണ്ടാണ് അദ്ദേഹം സ്വന്തം വീട്ടില്‍ താമസിപ്പിച്ചത്. റിയാദില്‍നിന്ന് 265 കിലോമീറ്ററകലെയുള്ള അല്‍റനീം ഗ്രാമത്തിലെ വീട്ടിലാണ് ഇപ്പോള്‍ അവാദേശ് ശേഖര്‍ കഴിയുന്നത്.

ജയില്‍മോചിതനായശേഷം ചൊവ്വാഴ്ച വൈകിട്ട് അല്‍റനീം ഗ്രാമത്തിലെത്തുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം വരവേല്‍പ്പുമായി ഒത്തുകൂടിയിരുന്നു. അറബ് പരമ്പരാഗതരീതിയില്‍ വിരുന്നൊരുക്കിയാണ് ഹാദിയുടെ ഗ്രാമവാസികള്‍ അവാദേശിനെ സ്വീകരിച്ചത്.

ഖമീസ് മുശൈത്തില്‍ നിന്ന് ഒഐസിസി സഊദി ദക്ഷിണ മേഖലാ കമിറ്റി പ്രസിഡന്റ് അശറഫ് കുറ്റിച്ചലിന്റെ നേതൃത്വത്തില്‍ പ്രകാശന്‍ നാദാപുരം, അന്‍സാരി റഫീഖ്, രാധാകൃഷ്ണന്‍ പാലക്കുളങ്ങര, ഹബീബ് റഹ്‌മാന്‍ എന്നിവരടങ്ങുന്ന സംഘം ഹാദി ഹമൂദിനേയും അവാദേശിനേയും കാണാന്‍ ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലെത്തി.

സമ്മാനങ്ങളുമായി എത്തിയ ഇവരേയും ഗ്രാമവാസികള്‍ ആഹ്ലാദപൂര്‍വമാണ് സ്വീകരിച്ചത്. 'ഇന്‍ഡ്യ മുഴുവന്‍ എന്നോടുള്ള സ്‌നേഹവുമായി എന്റെ വീട്ടിലെത്തിയതുപോലെയാണ് ഞാന്‍ നിങ്ങളുടെ സന്ദര്‍ശനത്തെ കാണുന്നതെന്ന്' ഹാദി ഹമൂദ് വികാരാവേശത്തോടെ പ്രതികരിച്ചതായി അശ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.

സ്വദേശികളായ നാലുപേര്‍ മരിച്ച വാഹനാപകട കേസിലാണ് അവാദേശ് ശേഖര്‍ പ്രതിയായി ജയിലില്‍ അടയ്ക്കപ്പെട്ടത്. റിയാദ്-ത്വാഇഫ് റോഡില്‍ അല്‍ ഖുവയ്യ പട്ടണത്തിന് സമീപം അല്‍ഹസാത് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അഞ്ചര വര്‍ഷം മുമ്പ് അവാദേശ് ശേഖറിന്റെ ജീവിതം തന്നെ മാറ്റിമറിച്ച അപകടം നടന്നത്.

വെള്ള വിതരണ ലോറി ഓടിക്കലായിരുന്നു അവാദേശ് ശേഖറിന് ജോലി. ഡ്രൈവിങ് ലൈസന്‍സോ ഇഖാമയോ ഇല്ലാതെയാണ് ജോലി ചെയ്തിരുന്നത്. ഒരുദിവസം വൈകിട്ട് ഒറ്റവരി പാതയിലുടെ വണ്ടിയോടിച്ചു പോകുമ്പോള്‍ ഒരു വളവില്‍ വെച്ച് എതിരെ അതിവേഗതയിലെത്തിയ വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഒതുക്കിനിര്‍ത്തിയ ലോറിയിലേക്ക് സ്വദേശി യുവാവ് ഓടിച്ച ഹൈലക്‌സ് പികപ് ഇടിച്ചുകയറിയായിരുന്നു.

പികപിലുണ്ടായിരുന്ന യുവാവും മാതാവും രണ്ട് സഹോദരിമാരും തല്‍ക്ഷണം മരിച്ചു. ഇളയ സഹോദരിക്ക് പരുക്കേറ്റു. ലൈസന്‍സും ഇഖാമയുമില്ലാത്തതിനാല്‍ അവദേശ് ശേഖര്‍ പൂര്‍ണക്കുറ്റക്കാരനായി ജയിലില്‍ അടയ്ക്കപ്പെട്ടു. മരിച്ച നാലുപേര്‍ക്കും പരുക്കേറ്റ പെണ്‍കുട്ടിക്കുമുള്ള നഷ്ടപരിഹാരമായി വിധിച്ച തുക 9,45,000 റിയാലാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ തികച്ചും നിര്‍ധനകുടുംബത്തില്‍പെട്ട അവാദേശിന് ഈ തുക സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതായിരുന്നു.

തന്റെ വിധിയെപ്പഴിച്ച് ജയിലില്‍ കഴിഞ്ഞുകൂടാനല്ലാതെ ഈ മനുഷ്യന് മറ്റൊന്നിനും ആകുമായിരുന്നില്ല. ഭാര്യ സുശീലാദേവിയും 10 മക്കളും അടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു കൂര പോലുമുണ്ടായിരുന്നില്ല. ഇതിനിടയില്‍ അവാദേശിന്റെ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ജീവിക്കാന്‍ പോലും വഴിയില്ലാതെ അലഞ്ഞ അവാദേശിന്റെ കുടുംബം ഇദ്ദേഹത്തിന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല.

അവാദേശിന്റെ നിരപരാധിത്വം അറിയാമായിരുന്ന പൊലീസുകാരില്‍ ചിലരാണ് ഹാദി ബിന്‍ ഹമൂദ് എന്ന സ്വദേശി സാമൂഹിക പ്രവര്‍ത്തകനോട് അവാദേശ് ശേഖറിന്റെ കാര്യം പറയുന്നത്. അദ്ദേഹം ജയിലിലെത്തി അവാദേശിനെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ഒരായുസ്സ് മുഴുവനും ജയലില്‍ കഴിഞ്ഞാലും ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാത്ത ഇയാളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഹാദി മുന്നിട്ടിറങ്ങിയാണ് പണം സ്വരൂപിച്ചത്.

ഇയാളുടെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ഇറങ്ങിയപ്പോള്‍ മറക്കാനാവാത്ത നിരവധി അനുഭവങ്ങളാണുണ്ടായതെന്ന് ഹാദി ബിന്‍ ഹമൂദ് പറഞ്ഞു. പകുതിയോളം പണം സ്വരൂപിച്ച ഘട്ടത്തില്‍ ഒരു സ്വദേശി പൗരന്‍ ഹാദി ഹമൂദിനെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. അവിടെ ചെന്നപ്പോള്‍ ബാക്കി വേണ്ട നാല് ലക്ഷത്തോളം റിയാല്‍ സമ്മാനിച്ച് അദ്ദേഹം തന്നെ ഞെട്ടിച്ചെന്ന് ഹാദി പറയുന്നു. തന്റെ പേര്‍ എവിടെയും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞാണ് പണം നല്‍കിയത്. തൊട്ടു പിന്നാലെ വ്യവസായ പ്രമുഖയായ സ്വദേശി വനിത വിളിച്ച് പണം പൂര്‍ണമായും താന്‍ തന്നുകൊള്ളാമെന്ന് അറിയിച്ചു.

എന്നാല്‍ അപ്പോഴേക്കും ആവശ്യമായത്രയും പണം തികഞ്ഞുകഴിഞ്ഞിരുന്നു. അതിനാല്‍ ദൗത്യം പൂര്‍ണമായെന്നും ഇനി പണം ആവശ്യമില്ലെന്നും അറിയിച്ചു. ഇനി ഇതുപോലുള്ള ആവശ്യം വരുമ്പോള്‍ ബന്ധപ്പെടണമെന്ന് പറഞ്ഞാണ് അവര്‍ ഫോണ്‍ വെച്ചതെന്നും ഹാദി ഹമൂദ് പറഞ്ഞു.

Hadi bin Hamood says he will build a house in country for Awadesh, Dammam, Saudi Arabia, Police, Court, Jail, Gulf, World

അഞ്ചര വര്‍ഷത്തിനുശേഷം നാട്ടിലേക്ക് പോകുന്ന അവാദേശ് ശേഖറിന് നാട്ടില്‍ വീട് പണിതുകൊടുക്കുമെന്ന് ഹാദി ബിന്‍ ഹമൂദ് പറഞ്ഞു. അവാദേശിന്റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജയില്‍ മോചിതനായെത്തിയ അവാദേശ് ശേഖറിനെ എല്ലാ സൗകര്യങ്ങളും നല്‍കി നാട്ടിലയക്കാനുള്ള ഒരുക്കത്തിലാണ് ഹാദി ഹമൂദും സംഘവും. ജയിലില്‍ കിടന്ന കാലമത്രയും കണക്കുകൂട്ടി ശമ്പളത്തിന് തുല്യമായ തുകയും അവദേശിന് നല്‍കും. അതിന് പുറമെ അയാള്‍ക്കും കുടുംബത്തിനും ജീവിക്കാന്‍ നല്ല ഒരു വീടും നാട്ടില്‍ പണിതുകൊടുക്കും.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ കണ്ട് വിസ്മയിച്ചുനില്‍ക്കുകയാണ് അവദേശ്. നന്ദി പറയാന്‍ വാക്കുകളില്ലാതെ ആ മനുഷ്യന്‍ വിതുമ്പിക്കരയുന്നു.

അതേസമയം അവതാശ് ശേഖറിനെ ജയില്‍ മോചിതനാക്കാന്‍ മുന്നിട്ടിറങ്ങിയ ഹാദി ബിന്‍ ഹമൂദിനും സംഘത്തിനും സമൂഹ മാധ്യമങ്ങളില്‍ കയ്യടി ലഭിക്കുകയാണ്. ജയിലില്‍ എരിഞ്ഞൊടുങ്ങുമായിരുന്ന ഒരു പാവം മനുഷ്യനെ ജീവിതത്തിലേക്ക് കൊണ്ടുവരികയും എല്ലാ സൗഭാഗ്യങ്ങള്‍ നല്‍കുകയും ചെയ്തതിനാണ് കയ്യടി.

Keywords: Hadi bin Hamood says he will build a house in country for Awadesh, Dammam, Saudi Arabia, Police, Court, Jail, Gulf, World.

Post a Comment