ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് നിലവില്‍ റിപോര്‍ട് ചെയ്യപ്പെടുന്ന പനിക്കും ചുമയ്ക്കും കാരണം ഇന്‍ഫ് ളുവന്‍സ വൈറസിന്റെ സബ് ടൈപ് ആയ എച്3എന്‍2 വൈറസ് എന്ന് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ഐസിഎംആര്‍). ഇന്‍ഫ് ളുവന്‍സ വൈറസിന്റെ മറ്റു സബ് ടൈപുകളെ അപേക്ഷിച്ച് ആശുപത്രിവാസം കൂടുതല്‍ എച്3എന്‍2 വൈറസ് മൂലമുണ്ടാകുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പു നല്‍കി.
രാജ്യമെങ്ങുമുള്ള വിവിധ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറടറി (വിആര്‍ഡിഎല്‍എസ്) ശൃംഖല വഴി ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഡിസംബര്‍ 15 മുതല്‍ ഇതുവരെ 30 വിആര്‍ഡിഎല്‍എസുകളില്‍ നിന്നുള്ള ഡേറ്റ വച്ച് ഇന്‍ഫ്‌ളുവന്‍സ എച്3എന്‍2 വൈറസ് കാരണമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ 92% പേര്‍ക്കും പനിയുണ്ട്. ചുമയുള്ളവര്‍ 86% പേരാണ്, ശ്വാസതടസം നേരിട്ടവര്‍ 27 ശതമാനവും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടവര്‍ 16 ശതമാനവുമാണ്. അടുത്തിടെ നടത്തിയ ഐസിഎംആര്‍ സര്‍വേയില്‍ ഇങ്ങനെ ആശുപത്രിയില്‍ വരുന്നവരില്‍ 16% പേര്‍ക്ക് ന്യൂമോണിയ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. മാര്‍ച് അവസാനമോ ഏപ്രില്‍ ആദ്യമോ താപനില ഉയരാന്‍ തുടങ്ങുമ്പോള്‍ ഈ സബ് ടൈപ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നും ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
മറ്റ് ഇന്‍ഫ് ളുവന്‍സ വൈറസുകളെ അപേക്ഷിച്ച് കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് എച്3എന്‍2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോര്‍ടിസ് മെമോറിയല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടിലെ ഇന്റേണല്‍ മെഡിസിന്‍ തലവന്‍ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപോര്‍ട് ചെയ്തു.
ഇതു പുതിയ വകഭേദമല്ലെന്ന് പരഞ്ഞ അദ്ദേഹം 1968ല്‍ ഹോങ്കോങ്ങില്‍ വന്‍തോതില്‍ രോഗബാധയ്ക്കു കാരണമായത് ഈ വൈറസ് ആണെന്നും വ്യക്തമാക്കി. ഓരോ വര്‍ഷവും ഇന്‍ഫ് ളുവന്‍സ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി 3050 ലക്ഷം വരെയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ) പറയുന്നു. 2.9 ലക്ഷം മുതല്‍ 6.5 ലക്ഷം പേര്‍ വരെയാണ് ഇന്‍ഫ് ളുവന്‍സ വൈറസ് ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നതെന്നും ഡബ്ല്യുഎച്ഒ യുടെ റിപോര്‍ടില്‍ പറയുന്നു.
Keywords: H3N2 virus linked to spate of high fever & cough cases: ICMR, New Delhi, News, Hospital, Treatment, Patient, Warning, National.