എച്ച് 3 എൻ 2 വൈറസ് ബാധിച്ച് ആദ്യമായി രേഖപ്പെടുത്തിയ മരണം കർണാടകയിൽ നിന്നുള്ള 82 വയസുകാരന്റേതാണ്, അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദവും ഉണ്ടായിരുന്നു. ഫെബ്രുവരി 24 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം മാർച്ച് ഒന്നിനാണ് മരിച്ചത്. കൂടാതെ, രാജ്യത്ത് 90 എച്ച് 3 എൻ 2 കേസുകളും എട്ട് എച്ച് 1 എൻ 1 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി വൈറസുകളുടെ പാറ്റേൺ ശ്രദ്ധേയമായും അപ്രതീക്ഷിതമായും മാറിയിട്ടുണ്ടെന്ന് ഡെൽഹിയിലെ സർ ഗംഗാറാം ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ.ധീരൻ ഗുപ്തയെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്തു. ഇത് കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധകളിലേക്ക് നയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പ്രകാരം, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഇൻഫ്ലുവൻസ ടൈപ്പ് എ യുടെ എച്ച് 3 എൻ 2 സബ്ടൈപ്പ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ പ്രധാന കാരണം എച്ച് 3 എൻ 2 ആണെന്നാണ് പറയുന്നത്. ഇൻഫ്ലുവൻസ എ (എച്ച്1എൻ1പിഡിഎം09), ഇൻഫ്ലുവൻസ എ (എച്ച്3എൻ2), ഇൻഫ്ലുവൻസ ബി (വിക്ടോറിയ) എന്നിവ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്.
പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുൾപെടെയുള്ള ശ്വസന പ്രശ്നങ്ങളും ശരീരവേദന, ഓക്കാനം, ഛർദി അല്ലെങ്കിൽ വയറിളക്കം തുടങ്ങിയവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ചില ആളുകൾക്ക് ഒരാഴ്ചയിൽ കൂടുതൽ ഈ ലക്ഷണങ്ങൾ ഉണ്ടാകാം. ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, ദുർബലർ, അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ, 65 വയസും അതിൽ കൂടുതലുമുള്ളവർ, ഗർഭിണികൾ എന്നിങ്ങനെയുള്ളവർക്ക് വൈറസ് ബാധിച്ചാൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്ത് വർധിച്ചുവരുന്ന എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
Keywords: New Delhi, National, News, Virus, Health, Hospital, Death, Central Government, Children, Top-Headlines, Serious, Infection, Health Problems, Indian Council of Medical Research, Fever, Cough, Body Aches, Vomiting, Asthma, Diabetes, Heart Disease, H3N2 Influenza changing pattern unexpectedly: Experts warn more hospitalisations.
< !- START disable copy paste -->