LPG Subsidy | ഉജ്വല പദ്ധതി പ്രകാരം എല്‍പിജി സിലിന്‍ഡറിന് 200 രൂപ സബ്സിഡി സര്‍കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി; തീരുമാനം 9.59 കോടി ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും

 




ന്യൂഡെല്‍ഹി: (www.kvartha.com) അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വില കണക്കിലെടുത്ത്, പ്രധാന്‍മന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതി പ്രകാരമുള്ള 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന് സബ്സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തീരുമാനം 9.6 കോടി ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും.

വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിന്‍ഡര്‍ ഒന്നിന് 200 രൂപ കിഴിവില്‍ 12 സിലിന്‍ഡര്‍ ലഭിക്കും. 2016 മെയ് ഒന്നിന് ആരംഭിച്ച ഉജ്വല യോജന പദ്ധതി പ്രകാരം 9.59 കോടി ഉപഭോക്താക്കള്‍ക്കാണ് സൗജന്യമായി എല്‍പിജി കണക്ഷന്‍ നല്‍കിയത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ എണ്ണവില ഇടിഞ്ഞപ്പോള്‍ 2020 മെയ് മുതല്‍ സര്‍കാര്‍ എല്‍പിജി ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഒഴിവാക്കിയിരുന്നു. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഇന്ധനവിലയില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതിനായി കഴിഞ്ഞ വര്‍ഷം മെയ് 21ന് കേന്ദ്ര ധനമന്ത്രാലയം ഉജ്വല്‍ കണക്ഷന്‍ ഉടമകള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കേന്ദ്ര സര്‍കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. വര്‍ധിപ്പിച്ച ക്ഷാമബത്ത ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നല്‍കും. നിലവില്‍ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായാണ് ഉയര്‍ത്തിയത്. 47.58 ലക്ഷം ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചതെന്ന് സര്‍കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. 

LPG Subsidy | ഉജ്വല പദ്ധതി പ്രകാരം എല്‍പിജി സിലിന്‍ഡറിന് 200 രൂപ സബ്സിഡി സര്‍കാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി; തീരുമാനം 9.59 കോടി ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും


സാമ്പത്തിക കാര്യ കാബിനറ്റ് കമിറ്റി ഈ നീക്കത്തിന് അംഗീകാരം നല്‍കിയതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ക്ഷാമബത്ത ഉയര്‍ത്തുന്നതോടെ സര്‍ക്കാരിന് 12,815 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

വര്‍ഷത്തില്‍ രണ്ട് തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിനുമുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്നും നാല് ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2022 ജൂലൈ ഒന്നിലെ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു സെപ്തംബറില്‍ ക്ഷാമബത്ത ഉയര്‍ത്തിയത്.

Keywords:  News, National, India, New Delhi, Top-Headlines, LPG, Business, Finance, Minister, Government-employees, Govt extends ₹200 subsidy on LPG cylinder under Ujjwala scheme by 1 year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia