Earthquake | വലിയ ഭൂകമ്പത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പ് ഡെല്‍ഹിയില്‍ വീണ്ടും ഭൂചലനം

 




ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നേരിയ ഭൂചലനമാണ് രണ്ടാമത് അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. ഡെല്‍ഹി തലസ്ഥാന പരിധിയിലെ പശ്ചിമ ഡെല്‍ഹി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെ ഭൗമോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ ഉറവിടം എന്ന് വ്യക്തമായെന്നും നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.  

ചൊവ്വാഴ്ച രാത്രി 10.17 നാണ് എന്‍സിആര്‍ മേഖലയില്‍ ആദ്യ വന്‍ ഭൂചലനമുണ്ടായത്. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. പലയിടത്തും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക് നഷ്ടപ്പെട്ടിരുന്നു.

ഇന്‍ഡ്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്‍ഡ്യയ്ക്ക് പുറമെ അഫ്ഗാനിസ്താന്‍, താജികിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലും ശക്തമായ ചലനമാണ് ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായത്. അഫ്ഗാനിസ്താന്റെയും താജികിസ്താന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്.

അയല്‍രാജ്യങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി 13 മരണം. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 

Earthquake | വലിയ ഭൂകമ്പത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പ് ഡെല്‍ഹിയില്‍ വീണ്ടും ഭൂചലനം


ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായത്. പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കൂടുതല്‍ മരണം. സ്വാത്ത് മേഖലയില്‍ 150 ലധികം പേര്‍ക്ക് പരുക്കേറ്റു. ഇവിടെ കുട്ടികളടക്കം മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണാണ് അധികം പേര്‍ക്കും പരുക്ക് പറ്റിയത്.

ഖൈബര്‍ പഖ്തൂണ്‍ മേഖലയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. വടക്കന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ആശുപത്രികള്‍ ഒറ്റരാത്രികൊണ്ട് അടിയന്തരാവസ്ഥയിലാക്കിയതായി ഒരു പാകിസ്താന്‍ സര്‍കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിലെ ലെഖ്മാന്‍ മേഖലയിലാണ് കൂടുതലും ആഘാതം ഉണ്ടായത്. 

അതേസമയം, വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 

Keywords:  News, National, India, New Delhi, Earth Quake, Top-Headlines, Trending, Earthquake: Tremors felt in Delhi-NCR, day after major jolts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia