ന്യൂഡെല്‍ഹി: (www.kvartha.com) മദ്യപിച്ചെത്തിയ വിദ്യാര്‍ഥി അമേരികന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി. ന്യൂയോര്‍കില്‍നിന്ന് എഎ292 വിമാനത്തില്‍ ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുഎസിലെ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി മൂത്രമൊഴിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഉറക്കത്തിനിടെ മൂത്രമൊഴിച്ചതെന്നാണ് വിവരം.
മൂത്രം സഹയാത്രികന്റെ മേല്‍ പതിച്ചിരുന്നതായി മറ്റുയാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന്, ഡെല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡെല്‍ഹി പൊലീസിന് കൈമാറി. പൊലീസ് മൊഴി രേഖപ്പെടുത്തിവരികയാണെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, സംഭവം തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചേക്കാമെന്നതിനാല്‍, സഹയാത്രികനോടും എയര്‍ലൈന്‍ ജീവനക്കാരോടും ഇയാള്‍ ക്ഷമാപണം നടത്തിയതായി വിമാനത്താവള അതോറിറ്റി അറിയിച്ചു. ഡെല്‍ഹി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് പൊലീസിനെ എയര്‍ലൈനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന്, ന്യൂയോര്‍ക്-ഡെല്‍ഹി എയര്‍ ഇന്‍ഡ്യ വിമാനത്തിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അതില്‍ ശങ്കര്‍ മിശ്ര എന്നയാള്‍ മദ്യപിച്ച് പ്രായമായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചതായി ആരോപിക്കപ്പെട്ടിരുന്നു.
ഏകദേശം ഒരു മാസത്തിന് ശേഷം ഒരു മാധ്യമ റിപോര്‍ടിലൂടെ ആ സംഭവം വെളിച്ചത്ത് വരികയും അതിനുശേഷം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യുകയും മിശ്രയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശങ്കര്‍ മിശ്ര ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
പിന്നീട്, സംഭവം നടന്ന് 12 മണിക്കൂറിനുള്ളില്‍ സംഭവം റിപോര്‍ട് ചെയ്യാത്തതിന് എയര്‍ ഇന്‍ജ്യയ്ക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി.
ഇന്‍ഡ്യയുടെ വ്യോമയാന നിയമങ്ങള്‍ അനുസരിച്ച്, ഒരു യാത്രക്കാരന്‍ അച്ചടക്കലംഘനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടിക്ക് പുറമേ, കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് നിശ്ചിത സമയത്തേക്ക് വിമാനയാത്രയ്ക്ക് വിലക്കുണ്ടാകും.
Keywords: News,National,India,New Delhi,Complaint,Assault,Student, Drunk student urinates on seat on Delhi-bound flight