കൊച്ചി: (www.kvartha.com) ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നിരന്തര ആക്രമങ്ങള്‍ക്കെതിരെ പ്രതികരണവുമായി ഡോ സുല്‍ഫി നൂഹ്. മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും സ്വന്തം ജീവന്‍ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഡിഫന്‍സിവ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടമാണെന്നും ഡോ. സുല്‍ഫി ഫേസ്ബുകില്‍ കുറിച്ചു.
ഡോക്ടറുടെ കുറിപ്പ് വായിക്കാം:
ഒരാള്‍ ഉടന്‍ കൊല്ലപ്പെടും. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല! അതാരുമാകാം!കേരളത്തില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനൊ, ആരോഗ്യപ്രവര്‍ത്തകയൊ, കൊല്ലപ്പെടും.അധികം താമസിയാതെ.ആശുപത്രി ആക്രമണങ്ങളില്‍ അങ്ങനെയൊന്ന് ഉടന്‍ സംഭവിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതം. പലപ്പോഴും തല നാരിടയ്ക്കാണ് മരണം മാറി പോയിട്ടുള്ളത്. എത്രനാള്‍ ഭാഗ്യത്തിന്റെ കണിക സഹായിക്കുമെന്നറിയില്ല. ആഴ്ചയില്‍ ഒന്ന് എന്നാണ് കേരളത്തില്‍ ആശുപത്രി ആക്രമങ്ങളുടെ കണക്ക്.
മരണ ഭയത്തോടെ രോഗിക്ക് നല്ല ചികിത്സ നല്‍കാന്‍ കഴിയില്ല. സ്വന്തം ജീവന്‍ സുരക്ഷിതമാക്കുന്ന പരക്കംപാച്ചിലില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഡിഫന്‍സിഫ് ചികിത്സാരീതിയിലേക്ക് വഴുതിപ്പോകുന്നത് അത്യന്തം അപകടം. അതുകൊണ്ട് ജീവിക്കുവാനല്ല ഈ സമരം. ജീവന്‍ രക്ഷിക്കുവാന്‍!
ഇത്തവണ തലനാരിഴയ്ക്ക് തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ അശോകന്‍ രക്ഷപ്പെട്ടത്. അവിടെയുണ്ടായിരുന്ന പോലീസുകാരുടെ അഭിപ്രായത്തില്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ ഡോക്ടര്‍ കൊല്ലപ്പെടുമായിരുന്നത്രേ. സത്യത്തിന്റെ മുഖം അതീവ വിരൂപമാണ്.അതെ നിവര്‍ത്തികേടുകൊണ്ടാണ് ഈ സമരം.
ഡോക്ടര്‍മാരോട് പ്രക്ഷോഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തന്നെ ബുദ്ധിമുട്ടാണ്.അവര്‍ അതിനെ ശക്തിയുക്തം എതിര്‍ക്കും. പക്ഷേ സ്വന്തം ജീവനെതിരെ വെല്ലുവിളി ഉയരുമ്പോള്‍ സമരം ചെയ്യൂയെന്ന് അംഗങ്ങള്‍ ആദ്യം ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നു.കൊലപാതക ശ്രമത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. മുഖ്യപ്രതി സൈ്വര്യ വിഹാരം നടത്തുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തില്‍ ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാന സഹര്‍ഷം സ്വാഗതം ചെയ്യുന്നു. എന്നാല്‍ കാലതാമസം ഒരാള്‍ കൊല്ലപ്പെടാന്‍ കാരണമായേക്കാം! ഒരുപക്ഷേ പൊതുജനാരോഗ്യ ബില്ലിനേക്കാള്‍ പ്രാധാന്യം ആശുപത്രി സംരക്ഷണ നിയമം തന്നെയാണ്. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടണം.
അതെ സ്വന്തം ജീവന്‍ രക്ഷിക്കുക തന്നെയാണ് ഏറ്റവും പ്രാധാന്യമുള്ളത്. അതുകൊണ്ടുതന്നെ മാര്‍ച്ച് 17 ലെ ഈ സമരം ജീവന്‍ രക്ഷിക്കുവാനുള്ളത്. ആരും കൊല്ലപ്പെടാതിരിക്കട്ടെ.
Keywords: News, Kerala, State, Kochi, Doctor, Facebook, Facebook Post, Social-Media, Doctors attack: Dr Sulphi Noohu FB Post