Complaint | താലൂക് ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വിട്ട് നല്‍കിയില്ലെന്ന് പരാതി; യുവാവിന് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാരുടെ അലംഭാവമെന്ന് കുടുംബത്തിന്റെ ആരോപണം
Mar 16, 2023, 08:54 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) കുന്നംകുളം താലൂക് ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് വിട്ട് നല്‍കിയില്ലെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി താലൂക് ആശുപത്രിയില്‍നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിനുള്ളില്‍വെച്ച് ജീവന്‍ നഷ്ടമായ മലങ്കര സ്വദേശി സുധീഷിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സ് ഉണ്ടായിരുന്നിട്ടും, സൗകര്യങ്ങളില്ലാത്ത ആംബുലന്‍സില്‍ കയറ്റി വിട്ടത് ഡോക്ടര്‍മാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ റിപോര്‍ട് ആവശ്യപ്പെട്ട് കുന്നംകുളം നഗരസഭ ചെയര്‍മാന്‍ സൂപ്രണ്ടിന് കത്തയിച്ചിരുന്നു. ഡ്യൂടി ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. വിഷയത്തില്‍ പ്രതികരിക്കാന്‍ സൂപ്രണ്ട് തയ്യാറായിട്ടില്ലെന്നാണ് വിവരം.
ഞായറാഴ്ച പുലര്‍ചെ ഒരുമണിക്കാണ് കാണിപ്പയ്യൂര്‍ വീട്ടില്‍ സുധീഷിനെ നെഞ്ചുവേദനയെ തുടര്‍ന്ന് താലൂക് ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂടി ഡോക്ടര്‍ അടിയന്തിര ശുശ്രൂഷകള്‍ നല്‍കി വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് മറ്റൊരു രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുന്നംകുളം താലൂക് ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സാണുള്ളത്. ഡ്രൈവര്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നു. പക്ഷേ ഇവരെ അറിയിക്കാതെ പുറത്ത് നിന്നുള്ള ആംബുലന്‍സില്‍ രോഗിയെ അയച്ച ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Keywords: News, Kerala, State, Local-News, Patient, Death, Family, Allegation, Complaint, Doctor, Critical patient didn't provided ambulance with oxygen in Kunnamkulam died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.