പത്തനംതിട്ട: (www.kvartha.com) തോട്ടപ്പുഴശേരി പഞ്ചായതിലെ കുറിയന്നൂര്‍ പുളിമുക്ക് സിപിഎം ബ്രാഞ്ച് സെക്രടറി അരുണ്‍ മാത്യു മണല്‍ വാരലുകാരെ പണം ചോദിച്ച് വിരട്ടുന്നതായുള്ള ഓഡിയോ ക്ലിപ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അതിന്റെ പേരില്‍ ബ്രാഞ്ച് സെക്രടറിയെ സിപിഎം സസ്പെന്‍ഡ് ചെയ്തു. പക്ഷേ, ആ ഓഡിയോ ക്ലിപില്‍ നിന്ന് വളരെയധികം വ്യക്തമായ കാര്യം കോയിപ്രം പൊലീസിന് വന്‍തുക പടി നല്‍കിയാണ് മണല്‍ വാരുന്നതും കടത്തുന്നത് എന്നാണെന്ന് ആക്ഷേപം ഉയരുന്നു.
ഓഡിയോ ക്ലിപ് സിപിഎമിന്റെ ആഭ്യന്തര കാര്യമായി മാത്രം കണ്ട് മറ്റു പാര്‍ടിക്കാരും പൊലീസും അത് അവഗണിച്ചു. പൊലീസിനെ കൂടി പ്രതിക്കൂട്ടിലാക്കുന്ന ആ ക്ലിപിനെതിരേ ഒരു അന്വേഷണവും നടക്കുന്നില്ല എന്നാണ് അറിയുന്നത്. ആറന്മുള, കോയിപ്രം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ യന്ത്രവല്‍കൃത മണല്‍ ഖനനം നിര്‍ബാധം നടക്കുന്നുവെന്നാണ് വിവരം.
പമ്പാനദിയില്‍ നിന്നും മോടോര്‍ ഘടിപ്പിച്ച വള്ളത്തില്‍ വന്‍തോതില്‍ അനധികൃതമായി മണല്‍ കടത്തുന്നന്നതായി പരാതിയുണ്ട്. കടത്തിന് ചെങ്ങന്നൂര്‍, ആറന്മുള പൊലീസും റവന്യൂ വകുപ്പും മൗനാനുവാദം നല്‍കുന്നതായും ആക്ഷേപമുണ്ട്. വരട്ടാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് വാരുന്ന മണലാണ് എന്നു പറഞ്ഞാണ് പമ്പാനദിയില്‍ നിന്നും അനധികൃതമായി വള്ളത്തില്‍ കയറ്റിയ മണല്‍ വന്‍ വിലയ്ക്ക് ചെങ്ങന്നൂര്‍ - ആലപ്പുഴ മേഖലകളില്‍ വില്‍ക്കുന്നതെന്നാണ് ആരോപണം. മാരാമണ്‍- ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ നടക്കുന്ന നഗറിനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണല്‍ ധാരാളമായുണ്ട്. അധികം മെനക്കെടാതെ തന്നെ മണല്‍ വാരിക്കൂട്ടാമെന്നതാണ് ഈ ഭാഗത്തെ പ്രത്യേകത.
മണല്‍പ്പുറത്തേക്ക് സുഗമമായ യാത്രയ്ക്ക് വഴികളുമുണ്ട്. അര്‍ധരാത്രിയോടു ചേര്‍ന്ന സമയത്താണ് മണല്‍ കടത്ത് വ്യാപകമായി നടക്കുന്നതെന്ന് പറയുന്നു. നദിയിലൂടെ മോടോര്‍ ഘടിപ്പിച്ച വെള്ളത്തിലെത്തിയാണ് മണല്‍ വാരി കടത്തുന്നത്. ഉത്രട്ടാതി ജലോത്സവത്തിന്റെ ഫിനിഷിങ് പോയിന്റ് മുതല്‍ ആറന്മുള ക്ഷേത്രക്കടവ് വരെ മുകളിലേക്കും അതിനു മുകളിലായി മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനോടു ചേര്‍ന്ന പ്രദേശത്തും മണല്‍വാരുന്നതായി പരാതികളുണ്ട്. റോഡിലൂടെ വാഹനങ്ങളില്‍ എത്താത്തതിനാല്‍ പമ്പാനദിയിലെ ഇത്തരം അനധികൃത നീക്കങ്ങള്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. എന്നാല്‍ പൊലീസും റവന്യൂവകുപ്പും യാതൊരു നടപടികളും മണല്‍വാരലിനെതിരേ സ്വീകരിക്കാത്തത് ദുരൂഹമാണെന്നാണ് ആക്ഷേപം. മണല്‍വാരലിലൂടെ പമ്പയുടെ പല ഭാഗങ്ങളിലും വന്‍തോതില്‍ ചുഴി രൂപപ്പെടുന്നുണ്ടെന്നും പരാതികള്‍ ഉയരുന്നു.
അടുത്തിടെ മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനോടു ചേര്‍ന്ന ഭാഗത്ത് മൂന്ന് യുവാക്കള്‍ നദിയില്‍ വീണു മരിക്കാനിടയായതും ഇത്തരത്തില്‍ രൂപപ്പെട്ട ചുഴിയില്‍ വീണാത് കൊണ്ടാണെന്നാണ് പറയുന്നത്. ആറ്റുമണലിന് വന്‍ ആവശ്യക്കാരുളളതിനാല്‍ അനധികൃതമായി വാരിക്കൂട്ടുന്നവര്‍ക്ക് കൊള്ളലാഭമാണ് ലഭിക്കുന്നത്. വര്‍ഷങ്ങളായി മണല്‍വാരല്‍ നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ പമ്പാനദിയുടെ പല ഭാഗങ്ങളിലും നല്ലതോതില്‍ മണല്‍ശേഖരവുമുണ്ട്.
ഇതു കണ്ടെത്തി വളരെ വേഗത്തില്‍ വാരി വില്പന നടത്താമെന്നായതോടെ മാഫിയ സംഘവും തഴച്ചുവളര്‍ന്നതായി പറയുന്നു. രാഷ്ട്രീയ സ്വാധീനം കൂടിയായതോടെ മണല്‍ മാഫിയയെ ആരും ശ്രദ്ധിക്കാതെയുമായെന്നാണ് ആരോപണം. മണല്‍വാരല്‍ തടയാനെത്തിയാല്‍ നേരിടാനുള്ള ഒരുക്കങ്ങളുമായാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും പറയുന്നു. വള്ളത്തിലൂടെ എത്തി പല ഭാഗങ്ങളിലായി കാംപ് ചെയ്തു നിരീക്ഷിച്ചു കൊണ്ടാണ് മണല്‍വാരല്‍ നടക്കുന്നതെന്നാണ് പറയുന്നത്.
Keywords: Latest-News, Kerala, Pathanamthitta, Top-Headlines, Political-News, Politics, Controversy, Allegation, Police, CPM, Ajo Kuttikan, CPM suspends branch secretary for demanding money from sand mafia.
< !- START disable copy paste -->