തിരുവനന്തപുരം: (www.kvartha.com) കോഴിക്കോട് സര്‍കാര്‍ മെഡികല്‍ കോളജ് സര്‍ജികല്‍ സൂപര്‍ സ്‌പെഷ്യാലിറ്റി ബ്ലോകിന്റെ ഉദ്ഘാടനം മാര്‍ച് നാലിന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും.
കോഴിക്കോട് മെഡികല്‍ കോളജിനെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പി എം എസ് എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൂപര്‍ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോകാണ് സജ്ജമാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച പുതിയ ബ്ലോകില്‍ ആറ് സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
195.93 കോടി രൂപ (കേന്ദ്രം - 120 കോടി, സംസ്ഥാനം - 75.93 കോടി) ചിലവഴിച്ചാണ് സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോക് നിര്‍മിച്ചിട്ടുള്ളത്. ഏഴു നിലകളിലായി രോഗീ സൗഹൃദ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍, ആറ് സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, 500 കിടക്കകള്‍, 19 ഓപറേഷന്‍ തിയേറ്ററുകള്‍, 10 തിവ്ര പരിചരണ യൂനിറ്റുകള്‍, ഐപിഡി, ഫാകല്‍റ്റി ഏരിയ, സിടി, എംആര്‍ഐ, ഡിജിറ്റല്‍ എക്സ്റേ, സിസിടിവി സംവിധാനം, ഡേറ്റാ സംവിധാനം, പിഎ സിസ്റ്റം, ലിഫ്റ്റുകള്‍ എന്നീ സംവിധാനങ്ങള്‍ ഈ സൂപര്‍ സ്പെഷ്യാലിറ്റി ബ്ലോകിലുണ്ടാകും.
കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജികല്‍ ഗാസ്ട്രോ എന്ററോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 190 ഐസിയു കിടക്കകളില്‍ 20 കിടക്കകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മള്‍ടി ഓര്‍ഗര്‍ ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനും 20 കിടക്കകള്‍ തലയ്ക്ക് പരിക്കേറ്റവര്‍ക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
ഇന്‍ഡ്യയിലെ പ്രധാന സര്‍കാര്‍ മെഡികല്‍ കോളജില്‍ ഒന്നാണ് കോഴിക്കോട് ഗവ. മെഡികല്‍ കോളജ്. കേരളത്തിലെ രണ്ടാമത്തെ മെഡികല്‍ കോളജായി 1957 ലാണ് ഈ മെഡികല്‍ കോളജ് സ്ഥാപിതമായത്. കോഴിക്കോട് നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ 270 ഏകര്‍ വിസ്തൃതിയില്‍ ഈ കാംപസ് വ്യാപിച്ച് കിടക്കുന്നു. കേരളത്തിലെ ആറു ജില്ലകളിലെ രോഗികള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്.
1966 ല്‍ ആരംഭിച്ച പ്രധാന ആശുപ്രതിയില്‍ 1183 കിടക്കകളുണ്ട്. കൂടാതെ മാതൃശിശു സംരക്ഷണ കേന്ദ്രം (610 കിടക്കകള്‍), സാവിത്രി സാബു മെമോറിയല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട് (101 കിടക്കകള്‍), നെഞ്ചുരോഗ ആശുപ്രതി (100 കിടക്കകള്‍), സൂപര്‍ സ്പെഷ്യാലിറ്റി കോംപ്ലക്സ്, സോണല്‍ ലിംഫ് ഫിറ്റിംഗ് സെന്റര്‍, ദന്തല്‍ കോളജ്, നഴ്സിംഗ് കോളജ്, ഫാര്‍മസി കോളജ്, ത്രിതല കാന്‍സര്‍ സെന്റര്‍ എന്നിവ പിന്നീട് സ്ഥാപിച്ചു.
250 എംബിബിഎസ് സീറ്റുകളുണ്ട്. 25 വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദ പഠനസൗകര്യങ്ങളും 10 വിഭാഗങ്ങളിലായി സൂപര്‍ സ്പെഷ്യാലിറ്റി കോഴ്സുകളുമുണ്ട്. വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള ആധുനിക സ്പെഷ്യാലിറ്റി സേവനങ്ങള്‍, സുസജ്ജമായ കാത് ലാബ്, ടെലി കൊബാള്‍ട് തെറാപി, ലീനിയര്‍ ആക്സിലറേറ്റര്‍, പെറ്റ്സ്‌കാന്‍ എന്നീ സൗകര്യങ്ങളുമുണ്ട്. സര്‍കാര്‍ മെഡികല്‍ കോളജില്‍ ആദ്യമായി ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ കോഴ്സുകള്‍ ആരംഭിച്ചത് കോഴിക്കോട് മെഡികല്‍ കോളജിലാണ്.
Keywords: Chief Minister will inaugurate Kozhikode Medical College Surgical Super Specialty Block on March 4, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Inauguration, Chief Minister, Pinarayi-Vijayan, Kerala.