കൊച്ചി: (www.kvartha.com) കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തവും പുകയും 12 ദിവസത്തിന് ശേഷം പൂര്‍ണമായി ശമിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. സ്മോള്‍ഡറിംഗ് ഫയര്‍ ആയതുകൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും.
അതേസമയം, വായുവിലെ രാസമലിനീകരണത്തോത് വര്‍ധിച്ചതോടെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കാന്‍ സാധ്യത കൂടുതലാണ്. ബ്രഹ്മപുരം തീപിേപടിത്തത്തിനുശേഷം രാസബാഷ്പ കണികകള്‍ക്ക് പുറമേ സള്‍ഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാര്‍ബണ്‍ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം10 കരിമാലിന്യത്തിന്റെ അളവും വര്‍ധിച്ചുവെന്ന് വിദഗ്ധര്‍. ഇതോടെ ഈ വര്‍ഷത്തെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും. എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണം.
അന്തരീക്ഷത്തിലെ നൈട്രജന്‍ ഡയോക്‌സൈഡ് (NO2), സള്‍ഫര്‍ ഡയോക്‌സൈഡ് (SO2) എന്നിവയുടെ അളവും വര്‍ധിക്കുന്നതായി സിപിസിബി രാസമാപിനികള്‍ നല്‍കുന്ന ഡേറ്റയിലുണ്ട്. ഇതോടെ ആദ്യ വേനല്‍മഴയില്‍ സള്‍ഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ അളവു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആദ്യ വേനല്‍മഴയിലെ അമ്ലസാന്നിധ്യം ജീവജാലങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. എറണാകുളത്തെയും സമീപ ജില്ലകളിലെയും ശുദ്ധജല സ്രോതസുകളെയും ജലാശയങ്ങളിലെ മീന്‍ സമ്പത്തിനെയും പുതുമഴ പ്രതികൂലമായി ബാധിച്ചേക്കാം. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലും അടക്കമുള്ള ത്വക്രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു.
2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നു. ഡിസംബറിനുശേഷം വളരെ മോശമായി.
രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് (ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റ്) കടന്നു നില്‍ക്കുമ്പോഴാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപ്പിടിത്തമുണ്ടായത്. വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലേക്കും വ്യാപിച്ചു.
Keywords: News, Kerala, State, Kochi, Rain, Alerts, Top-Headlines, Trending, Latest-News, Chance for acid rain; Brahmapuram issue