ചെന്നൈ: (www.kvartha.com) വിദ്വേഷം പരത്തി എന്നാരോപിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവടക്കം നാലുപേര്‍ക്കെതിരെയും തമിഴ്‌നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
വടക്കേ ഇന്‍ഡ്യക്കാര്‍ക്കെതിരെ ഡിഎംകെ നേതാക്കള്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ഡിഎംകെ നേതാക്കളുടെ പ്രസ്താവനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്റേടമുണ്ടെങ്കില്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും അണ്ണാമലൈ പ്രതികരിച്ചു.
അതേസമയം, തമിഴ്‌നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമത്തിന് ഇരയാകുന്നുവെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്‌നാട് വിട്ടുപോകുന്നത് തുടരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഹാറില്‍ നിന്നുള്ള നാലംഗ ഉദ്യോഗസ്ഥ സംഘം ചെന്നൈയിലെത്തി.
'ഹിന്ദി സംസാരിച്ചതിന് 10 ഉത്തരേന്‍ഡ്യക്കാരെ തമിഴ്‌നാട്ടില്‍ തൂക്കിക്കൊന്നു' എന്നായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉംറാവു ട്വീറ്റ് ചെയ്തത്. സ്റ്റാലിന്റെ 70-ാം പിറന്നാളോഘോഷ ചടങ്ങില്‍ തേജസ്വി യാദവിന് ഒപ്പമുള്ള ചിത്രം കൂടി ചേര്‍ത്തായിരുന്നു വിദ്വേഷ ട്വീറ്റ്.
തുടര്‍ന്ന് വളരെ മുമ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലും കോയമ്പതൂരില്‍ തമിഴ് തൊഴിലാളികള്‍ തമ്മിലും നടന്ന സംഘര്‍ഷങ്ങളുടെ മൊബൈല്‍ ദൃശ്യങ്ങള്‍, ട്രെയിനപകടത്തില്‍ മരിച്ച യുവാവിന്റെ ദൃശ്യം എന്നിവയും തമിഴ്‌നാട്ടില്‍ ബിഹാര്‍ സ്വദേശികള്‍ക്ക് എതിരായി നടന്ന ആക്രമണം എന്നപേരില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെ പരിഭ്രാന്തരായ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ ജന്മനാടുകളിലേക്ക് മടങ്ങുന്നത് തുടരുകയാണ്.
അതേസമയം, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചുവെന്നും ഇതരസംസ്ഥാനക്കാര്‍ തമിഴ്‌നാട്ടില്‍ സുരക്ഷിതരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. നാലംഗ ഉദ്യോഗസ്ഥ സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
Keywords: News,National,India,chennai,BJP,Police,Case,Top-Headlines,Latest-News,Trending,Controversial Statements, 'Challenge Fascist DMK To Arrest Me: Tamil Nadu BJP Chief Charged For Tweet On Bihar Migrants