ന്യൂഡെല്‍ഹി: (www.kvartha.com) സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രസര്‍കാര്‍. സ്വവര്‍ഗ വിവാഹം ഇന്‍ഡ്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്നും ഒരേ ലിംഗത്തിലുള്ള വ്യക്തികള്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്‍ഡ്യന്‍ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രസര്‍കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
കൂടാതെ ഭാര്യ, ഭര്‍ത്താവ് അവരില്‍ നിന്ന് ജനിക്കുന്ന മക്കള്‍ എന്ന സങ്കല്‍പവുമായി സ്വവര്‍ഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
സ്വവര്‍ഗ വ്യക്തികളുടെ വിവാഹം രെജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തിപരവും ക്രോഡീകരിച്ചതുമായ 'നിരോധിത ബന്ധം', 'വിവാഹ വ്യവസ്ഥകള്‍', 'വ്യക്തികളെ നിയന്ത്രിക്കുന്ന വ്യക്തിനിയമങ്ങള്‍ക്ക് കീഴിലുള്ള ആചാരപരവുമായ ആവശ്യകതകള്‍' എന്നിങ്ങനെയുള്ള നിയമ വ്യവസ്ഥകളുടെ ലംഘനത്തിന് കാരണമാകുന്നുവെന്നും സര്‍കാര്‍ കോടതിയെ ബോധിപ്പിച്ചു.
വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പം എതിര്‍ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഐക്യത്തെ മുന്‍നിര്‍ത്തുന്നതാണ്. ഈ നിര്‍വചനം സാമൂഹികമായും സാംസ്‌കാരികമായും നിയമപരമായും വിവാഹത്തെക്കുറിച്ചുള്ള ആശയത്തിലും സങ്കല്‍പത്തിലും വേരൂന്നിയതാണ്. ഇത് ജുഡീഷ്യല്‍ വ്യാഖ്യാനത്താല്‍ മാറ്റം വരുത്തരുതെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
Keywords:
Centre Opposes This Marriage, Cites 'Indian Family Unit Concept', New Delhi, News, Supreme Court of India, Marriage, Religion, Family, National.