ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് ദിവസത്തെ ഇടവേളകളില്‍ സഹോദരന്‍മാരെ തെരുവുനായ കടിച്ചുകൊന്നു. സൗത് ഡെല്‍ഹിയിലെ വസന്ത് കുഞ്ചിനടുത്ത് സിന്ധി കാംപിലാണ് 7 ഉം 5 ഉം വയസുള്ള കുരുന്നുകള്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. സിന്ധി പ്രദേശത്ത് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളായ ആനന്ദും അനിയന്‍ ആദിത്യയുമാണ് മരിച്ചത്.
സിന്ധി പ്രദേശം വനഭൂമിക്കടുത്തുള്ള ചേരി പ്രദേശമാണ്. ഇവിടെ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ ആനന്ദിനെ തെരുവുനായ കടിച്ചുകൊന്നത്. ആനന്ദിന്റെ മരണത്തിന്റെ കണ്ണീരുണങ്ങുന്നതിന് മുമ്പ് തന്നെ സഹോദരനും തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
രണ്ടു ദിവസത്തിന് ശേഷം അഞ്ചു വയസുകാരനായ ആദിത്യയേയും തെരുവുനായ ആക്രമിക്കുകയായിരുന്നു. മൂത്രമൊഴിക്കാന്‍ പുറത്തേക്ക് പോയപ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചതെന്ന് ബന്ധു പറയുന്നു. തെരുവുനായ്ക്കളുടെ അതിക്രമം നിരവധിയിടങ്ങളില്‍ നിന്ന് റിപോര്‍ട് ചെയ്യപ്പെടുന്നതിനിടെയാണ് അതിദാരുണമായ ഈ സംഭവം നടന്നത്.
സംഭവത്തില്‍ വിമര്‍ശനവുമായി പ്രദേശത്തെ ബി ജെ പി കൗണ്‍സിലര്‍ ഇന്ദര്‍ജിത്ത് ഷെറാവാത്ത് രംഗത്തെത്തി. തെരുവു നായ്ക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു മാസത്തില്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ പുതുക്കാത്തതിനാല്‍ കഴിയില്ലെന്നായിരുന്നു കോര്‍പറേഷന്റെ മറുപടിയെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതികരണവുമായി ബി ജെ പി സൗത് എംപി രമേഷ് ബിദുരിയും രംഗത്തെത്തി. ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ്, എന്നാല്‍ മുനിസിപല്‍ കോര്‍പറേഷനില്‍ ബി ജെ പി അധികാരത്തിലിരുന്നപ്പോള്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് എംപി പറഞ്ഞു.
'കഴിഞ്ഞ മൂന്ന് മാസമായി, ആം ആദ്മി പാര്‍ടി അഴിമതി, പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ടും മന്ത്രിമാരെ നിയമിക്കുന്നതിന്റെയും തിരക്കിലാണ്. തെരുവുനായ്ക്കളെ പിടിക്കേണ്ടത് മുന്‍സിപല്‍ കോര്‍പറേഷന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എ എ പി സര്‍കാര്‍ അത് ചെയ്യുന്നില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, Animals, Killed, Children, attack, Top-Headlines, BJP, Politics, AAP, Criticism, Brothers, 5 And 7, Died in Stray Dogs Attack In Delhi In Last 3 Days