Celebration | ത്രിപുരയില്‍ തുടര്‍ഭരണം സാധ്യമായതിന്റെ ആഘോഷത്തിമിര്‍പ്പില്‍ ബിജെപി പ്രവര്‍ത്തകര്‍; ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്ന് നേതാക്കളുടെ കുറിപ്പ്

 


തിരുവനന്തപുരം: (www.kvartha.com) ത്രിപുരയില്‍ തുടര്‍ഭരണം സാധ്യമായതിന്റെ ആഘോഷത്തിമിര്‍പ്പിലാണ് രാജ്യത്തെ ബിജെപി പ്രവര്‍ത്തകര്‍. കേരളത്തിലും ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. 'ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം' എന്നാണ് ബിജെപി കേരള ഘടകം ഫേസ്ബുകില്‍ കുറിച്ചത്.

'താമര കുമ്പിളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതം! മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് സിപിഎം - കോണ്‍ഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം'- ഇതാണ് ഫേസ്ബുക് കുറിപ്പ്.

Celebration | ത്രിപുരയില്‍ തുടര്‍ഭരണം സാധ്യമായതിന്റെ ആഘോഷത്തിമിര്‍പ്പില്‍ ബിജെപി പ്രവര്‍ത്തകര്‍; ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം എന്ന് നേതാക്കളുടെ കുറിപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയുടെ തെളിവാണ് ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും സിപിഎമിനുമുള്ള കനത്ത തരിച്ചടിയാണ് ത്രിപുര തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പരസ്പരം പോരടിച്ചിരുന്ന അധികാരത്തിന് വേണ്ടി മാത്രം സ്ഥാപിച്ച അവിശുദ്ധ സഖ്യത്തെ ത്രിപുരയിലെ ജനങ്ങള്‍ തൂത്തെറിഞ്ഞു. കോമാ സഖ്യത്തെ ജനങ്ങള്‍ കോമയിലാക്കിയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

മധുവിധു ആഘോഷിക്കും മുമ്പേ തകര്‍ന്ന ദാമ്പത്യം പോലെയായി കോണ്‍ഗ്രസ് സിപിഎം സഖ്യമെന്നും അദ്ദേഹം പരിഹസിച്ചു. കെഎന്‍ ബാലഗോപാലിനെ പോലുള്ള നേതാക്കള്‍ പ്രചരണത്തിന് പോയ സംസ്ഥാനങ്ങളില്‍ സഖ്യ സ്ഥാനാര്‍ഥികള്‍ തകര്‍ന്നടിഞ്ഞു. ത്രിപുരയിലേത് പോലെ കോണ്‍ഗ്രസും സിപിഎമും കേരളത്തിലും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എംവി ഗോവിന്ദന്‍ പറയുന്നത് തോറ്റെങ്കിലും സഖ്യം ശരിയായിരുന്നുവെന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തിലും സഖ്യം ഉടന്‍ വരുമെന്നുറപ്പാണ്. അതുതന്നെയാണ് ബിജെപിക്കും വേണ്ടത്. കേരളത്തില്‍ മാത്രം എന്തിനാണ് സിപിഎമും കോണ്‍ഗ്രസും ഒളിച്ചു കളിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധി 4,000 കിലോമീറ്റര്‍ നടന്ന് ജോഡോ യാത്ര നടത്തിയത് വെറുതെയായി. കോണ്‍ഗ്രസ് രാജ്യത്ത് തകര്‍ന്നടിയുകയാണ്. മതന്യൂനപക്ഷങ്ങളും ബിജെപിക്കൊപ്പം നില്‍ക്കുന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവ സമൂഹം മോദിക്കും ബിജെപിക്കും പിന്നില്‍ അണിനിരക്കുന്നതിന്റെ സൂചനയാണിത്. നരേന്ദ്രമോദി സര്‍കാര്‍ എല്ലാ മേഖലകളിലും പാവങ്ങളെ സഹായിക്കുകയാണ്. യുപിഎ സര്‍കാരിന്റെ കാലത്ത് എണ്ണ കംപനികള്‍ക്ക് കൊടുക്കാനുള്ള കടം മോദി സര്‍കാര്‍ വീട്ടിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

 

Keywords: BJP workers celebrate continued rule in Tripura, Thiruvananthapuram, News, Politics, Facebook Post, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia