Follow KVARTHA on Google news Follow Us!
ad

Sarah Thomas | 'ഞാന്‍ എഴുത്തിലെ ജെനറല്‍ സര്‍ജനാണ്, സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം'; 'നാര്‍മടിപ്പുടവ'യുടെ കഥാകാരി സാറാ തോമസ് അന്തരിച്ചു

Author Sarah Thomas passed away#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. പുലര്‍ചെ നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംസ്‌കാരം ശനിയാഴ്ച പാറ്റൂര്‍ മാര്‍ത്തോമ്മാ പള്ളി സെമിതേരിയില്‍ നടക്കും. 

1934 ല്‍ തിരുവനന്തപുരത്താണ് ജനനം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അകാഡമി പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. 

'ജീവിതം എന്ന നദി' എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34-ആം വയസില്‍ പുറത്തിറങ്ങി. മധ്യവര്‍ഗ കേരളീയപശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികള്‍ ശ്രദ്ധേയമാണ്. 

News, Kerala, State, Thiruvananthapuram, Writer, Top-Headlines, Death, Obituary, Author Sarah Thomas passed away


ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടില്‍ എത്തുന്നവരില്‍നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി വായനക്കാര്‍ ഓര്‍ത്തുവയ്ക്കുന്ന കുറെ കൃതികള്‍ പിന്നീട് അവരുടേതായി ഉണ്ടായി. നാര്‍മടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അകാഡമി പുരസ്‌കാരം ലഭിച്ചു. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.

'ദൈവമക്കള്‍' എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്തിത വര്‍ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം. ദലിതര്‍ അനുഭവിച്ച കടുത്ത അനീതിയെക്കുറിച്ചും സാമൂഹിക അസമത്വത്തെക്കുറിച്ചുമൊക്കെയാണ് പറഞ്ഞത്.

'നാര്‍മടിപ്പുടവ' എന്ന നോവലില്‍ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. അഗ്രഹാരങ്ങളിലെ സ്ത്രീജീവിതത്തെക്കുറിച്ചായിരുന്നു കുറിച്ചത്. ഈ കൃതിക്ക് 1979 ല്‍ കേരള സാഹിത്യ അകാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സ്വന്തം എഴുത്തിനെക്കുറിച്ചു സാറാ തോമസ് പറഞ്ഞതിങ്ങനെ: 'എനിക്ക് ദലിത് എഴുത്തുകാരി എന്നോ പെണ്ണെഴുത്തുകാരി എന്നോ എന്നെ വേര്‍തിരിക്കുന്നതിനോട് തീരെ താല്‍പ്പര്യമില്ല. ഞാന്‍ എഴുത്തിലെ ജെനറല്‍ സര്‍ജനാണ്. സാധാരണക്കാരുടെ എഴുത്തുകാരിയായി കാണാനാണ് എനിക്കിഷ്ടം. എന്നാല്‍, 'സ്‌പെഷലിസ്റ്റു'കളോട് എനിക്ക് വിരോധവുമില്ല. എല്ലാം വേണം. ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാന്‍. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് ഞാന്‍ വളര്‍ന്നത്. കുടുംബിനിയായി നിന്നേ ഞാന്‍ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്. അതിന്റെ കോട്ടം എന്റെ എഴുത്തിലുണ്ടെന്ന് ആരെക്കാളും നന്നായി എനിക്കറിയാം. വീട്ടില്‍ എല്ലാവരും ഉറങ്ങിയശേഷമാണ് എഴുതിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതുപോലും. എന്നാല്‍, ഒട്ടും സങ്കടമില്ല. ഒരു ജീവിതത്തില്‍ എല്ലാം കിട്ടില്ലല്ലോ. പക്ഷേ, ചെറുപ്പത്തില്‍ അനുഭവിച്ച അസ്വാതന്ത്ര്യത്തെക്കുറിച്ചോര്‍ത്ത് പിന്നീട് ദുഃഖം തോന്നിയിട്ടുണ്ട്.'

Keywords: News, Kerala, State, Thiruvananthapuram, Writer, Top-Headlines, Death, Obituary, Author Sarah Thomas passed away

Post a Comment