സ്ത്രീകൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചടങ്ങുകളിലൊന്നായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊങ്കാല ഉത്സവം മാർച്ച് ഏഴിനാണ് ഇത്തവണ ആഘോഷിക്കുന്നത്, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ദക്ഷിണേന്ത്യയിലെ മൺപാത്ര നിർമാതാക്കൾക്ക് പൊങ്കാല വലിയ അനുഗ്രഹമാണ്. ചടങ്ങിൽ മൺപാത്രങ്ങൾക്ക് ആവശ്യക്കാരേറെയാണ്. പൊങ്കാല ദിവസം അടുക്കുമ്പോൾ, തലസ്ഥാന നഗരം വഴിയോരക്കടകളാൽ നിറഞ്ഞിരിക്കും. വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും മൺ പാത്രങ്ങൾ നിരനിരയായി വിൽപനയ്ക്ക് വച്ചിട്ടുണ്ടാവും.
2009-ലെ 25 ലക്ഷം ജനപങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ സ്ത്രീകളുടെ ഏറ്റവും വലിയ ആഘോഷമായി ആറ്റുകാൽ പൊങ്കാല ഇടംപിടിച്ചു. നാട്ടിലെ കച്ചവടക്കാർ മാത്രമല്ല, അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ളവരും 'പൊങ്കാല കലം' (അനുഷ്ഠാനത്തിന് ഉപയോഗിക്കുന്ന പരമ്പരാഗത പാത്രങ്ങൾ), 'ചിരട്ട തവി' (തേങ്ങയുടെ ചിരട്ടയും വടിയും കൊണ്ട് നിർമ്മിച്ച തവികൾ) 'അടുപ്പ്' കൂട്ടാനുള്ള ഇഷ്ടിക തുടങ്ങിയവ വിൽക്കാൻ എത്തും. ഉത്സവ ദിവസങ്ങളിൽ ശ്രീകോവിലിലും പരിസരത്തുമുള്ള തെരുവുകളിലും വഴിയോര കടകളിലും പാത്രങ്ങൾ വിൽക്കുന്ന കച്ചവടക്കാർ മികച്ച ലാഭം നേടുന്നുവെന്നാണ് കച്ചവടക്കാർ പറയുന്നത്.
തമിഴ്‌നാട്ടിലെ മാർത്താണ്ഡം, നാഗർകോവിൽ, ചെങ്കോട്ട, കന്യാകുമാരി എന്നിവിടങ്ങളിലെ കുഗ്രാമങ്ങളിൽ നിന്നും ധാരാളം പാത്രങ്ങൾ നഗരത്തിലെടുത്തുന്നുണ്ട്. സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ പൊങ്കാല വിപണിയിൽ ഇക്കാലത്ത് ഇടം പിടിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളും മൺപാത്രങ്ങൾ ഉപയോഗിക്കുന്ന പാരമ്പര്യം മുറുകെ പിടിക്കുന്നു. ഉത്സവത്തിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പ് മുൻകൂറായി പണം അടച്ച് കലം നിർമാതാക്കൾക്ക് ഓർഡറുകൾ നൽകുന്നവരുമുണ്ട്.
ഉത്സവത്തിന്റെ പ്രഭാതത്തിൽ തിരുവനന്തപുരം ഉണരുന്നത് അനന്തമായ അടുപ്പുകളിലേക്കാണ്. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് 5-6 കിലോമീറ്റർ ചുറ്റളവിൽ ദശലക്ഷക്കണക്കിന് സ്ത്രീകൾ ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പിന്നീട്, ദശലക്ഷക്കണക്കിന് അടുപ്പുകൾ ഒരുമിച്ച് കത്തിക്കുമ്പോൾ, നഗരം പുകയുന്ന അടുക്കളയായി മാറുന്നു.
Keywords: Kerala, News, Attukal-Pongala, Thiruvananthapuram, Women, Temple, Festival, Order, Guinness Book, Top-Headlines, Attukal Pongala and pots.