നാഗാലാന്‍ഡില്‍ ബിജെപിയും മേഘാലയയില്‍ എന്‍പിപിയുമാണ് മുന്നില്‍. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷയാണ് മൂന്നു സംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്.
ത്രിപുരയില്‍ തിരഞ്ഞെടുപ്പ് കമിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയില്‍ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോടെടുപ്പ് നടന്നത്.
അരുണാചല്‍ പ്രദേശിലെ ലുംല, ജാര്‍ഖണ്ഡിലെ രാംഗഡ്, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ്, ബംഗാളിലെ സാഗര്‍ദിഗി, മഹാരാഷ്ട്രയിലെ കസ്ബ പേത്, ചിഞ്ച്വാഡ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോടെണ്ണലും പുരോഗമിക്കുന്നു.
60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത പാര്‍ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത പാര്‍ടി സിപിഎമിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത പാര്‍ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതുകോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ആറു സീറ്റിലും മത്സരിക്കുന്നു. സിപിഎമിന്റെ 43 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു.
ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, കോണ്‍റാഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപിള്‍സ് പാര്‍ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്.
കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു. 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍കാരുണ്ടാക്കാന്‍ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരില്‍ സാങ്മയുടെ പാര്‍ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെയും മറ്റ് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരുടെയും കൂറുമാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയായി തൃണമൂല്‍ മാറിയിരുന്നു. 60 നിയമസഭാ സീറ്റുള്ള മേഘാലയയില്‍ എന്‍പിപിയുടെ 57 ഉം തൃണമൂല്‍ കോണ്‍ഗ്രസിന്റെ 56 ഉം കോണ്‍ഗ്രസിന്റെ 60 ഉം ബിജെപിയുടെ 60 ഉം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മേഘാലയയില്‍ ഒരു സീറ്റില്‍ വോടെടുപ്പ് മാറ്റിവച്ചിരുന്നു. നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ല്‍ സംസ്ഥാനത്തെ 60 സീറ്റുകളില്‍ 12ലും വിജയിച്ച ബിജെപി എന്‍ഡിപിപിയുമായി (നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്.
സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപിള്‍സ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാര്‍ഥികളും ഇത്തവണ നാഗാലാന്‍ഡില്‍ ജനവിധി തേടുന്നു. നാഗാലാന്‍ഡില്‍ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുടോ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Keywords: Assembly Election Results: BJP now past halfway mark in Tripura, Nagaland; NPP stays ahead in Meghalaya, Assembly Election, Tripura, Protection, BJP, Voters, Election Commission, National.