ചെന്നൈ: (www.kvartha.com) ഷൂടിംഗ് സെറ്റിലെ അപകടത്തില്‍ നിന്നും മകന്‍ എ ആര്‍ അമീന്‍ രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ് മാന്‍. ആല്‍ബം ചിത്രീകരണവേളയിലാണ് സംഭവം. ഗാനമാലപിക്കുന്നതിനിടെ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു.
ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്ക് തകര്‍ന്നുവീണു. ഈ സമയം വേദിയുടെ നടുവില്‍ നില്‍ക്കുകയായിരുന്നു അമീന്‍. ഭയാനകമായ സംഭവത്തിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കൂടാതെ എന്താണ് അവിടെ സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് അമീന്റെ കുറിപ്പ്:
ഇപ്പോള്‍ സുരക്ഷിതനായി, ജീവനോടെയിരിക്കുന്നതില്‍ സര്‍വശക്തനും, എന്റെ മാതാപിതാക്കള്‍, കുടുംബം, അഭ്യുദയകാംക്ഷികള്‍, എന്റെ ആത്മീയ ഗുരു എന്നിവരോടും ഞാന്‍ നന്ദി അറിയിക്കുന്നു. മൂന്ന് ദിവസം മുമ്പ്, ഞാന്‍ ഒരു ഗാനത്തിന്റെ ഷൂടിംഗ് നടത്തുകയായിരുന്നു. കാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ എന്‍ജിനീയറിംഗും സുരക്ഷയും ടീം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു.
ഒരു ക്രെയിനില്‍ തൂക്കി നിര്‍ത്തിയിരുന്ന തൂക്കുവിളക്കുകള്‍ ഞാന്‍ നില്‍ക്കെ തകര്‍ന്നുവീണു. കുറച്ച് ഇഞ്ച് അവിടെയും ഇവിടെയും മാറിയെങ്കില്‍, കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പോ ശേഷമോ, റിഗ് മുഴുവന്‍ ഞങ്ങളുടെ തലയില്‍ വീഴുമായിരുന്നു. ഞാനും എന്റെ ടീമും ഞെട്ടിപ്പോയി, ആഘാതത്തില്‍ നിന്ന് കരകയറാന്‍ സാധിക്കുന്നില്ല.- അമീന്‍ കുറിച്ചു.