ലന്‍ഡന്‍: (www.kvartha.com) ഒരു മാസം ആമസോണ്‍ കാടിനുള്ളില്‍ കുടുങ്ങിപ്പോയ ബൊളീവിയക്കാരനായ ജൊനാഥന്‍ അകോസ്റ്റയുടെ സിനിമയെ വെല്ലുന്ന അനുഭവങ്ങള്‍ കേട്ട് തരിച്ചിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ബിബിസി പുറത്തുവിട്ടത് 30 കാരന്റെ അതിശയിപ്പിക്കുന്ന അനുഭവകഥയായിരുന്നു.
ജനുവരി 25ന് സുഹൃത്തുക്കള്‍ക്കൊപ്പം കാട്ടില്‍ നായാട്ടിനായി പോയ ജൊനാഥന് കാടിനുള്ളില്‍ വഴി തെറ്റുകയായിരുന്നു. ഉള്‍കാട്ടില്‍ കുടുങ്ങിയെന്ന് ഉറപ്പിച്ചതോടെ കടുത്ത നിരാശ തോന്നിയെന്നും വന്യമൃഗങ്ങളോടുപോലും എതിരിടേണ്ടി വന്നുവെന്നും ജൊനാഥന്‍ പറയുന്നു. കാഴ്ചയില്‍ പപ്പായ പോലുള്ള കാട്ടുപഴങ്ങളും പ്രാണികളും മണ്ണിരയുമായിരുന്നു തന്റെ ആഹാരമെന്ന് ജൊനാഥന്‍ വെളിപ്പെടുത്തി.
മഴ പെയ്യുവാന്‍ വേണ്ടി ദയനീയമായി പ്രാര്‍ഥിച്ചു. മഴവെള്ളം തന്റെ റബര്‍ ബൂടില്‍ ശേഖരിച്ചത് കൊണ്ടാണ് ചില ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്നും ജൊനാഥന്‍ വിവരിച്ചു. വെള്ളമില്ലാത്ത ചില ദിവസങ്ങളില്‍ മൂത്രം കുടിക്കേണ്ടി വന്നു. മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം മാത്രം കുടിച്ചുമാണ് കൊടുംകാടിനുള്ളില്‍ ജൊനാഥന്‍ ജീവിതത്തെ തിരികെ പിടിച്ചത്.
പുറത്തേക്കുള്ള വഴി തേടി അലയുന്നതിനിടെ 300 മീറ്റര്‍ അകലെ കണ്ട ഒരു സംഘത്തെ ജൊനാഥന്‍ അലറിവിളിച്ച് സഹായം അപേക്ഷിക്കുകയായിരുന്നു. നിര്‍ജലീകരണം സംഭവിച്ച് അവശനായ ജൊനാഥാന് പ്രാഥമിക ചികിത്സ നല്‍കിയ സംഘം ഉടന്‍ തന്നെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. 31 ദിവസം നീണ്ട വനവാസത്തിനൊടുവില്‍ 17 കിലോ ശരീരഭാരം ജൊനാഥാന് നഷ്ടമായി. കാലിനും ചെറിയ പരുക്കേറ്റിട്ടുണ്ട്. എങ്കിലും ജൊനാഥാന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
Keywords: News,World,international,London,Youth,forest,Health,help,Health & Fitness, Amazon jungle: Man survives 31 days by eating worms