ആലപ്പുഴ: (www.kvartha.com) വ്യാജ കറന്‍സി കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മാവേലിക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം സര്‍കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു.
വ്യാജ കറന്‍സിയുടെ ഉറവിടം പൊലീസിനോട് വെളിപ്പെടുത്താന്‍ ജിഷമോള്‍ ഇതുവരെ തയ്യാറായിട്ടില്ല. വ്യാഴാഴ്ച ജയിലില്‍ വച്ചും അസ്വാഭാവികമായ പെരുമാറ്റമായിരുന്നു ഇവരുടേത്. മൂന്ന് വര്‍ഷങ്ങളായി ജിഷമോള്‍ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നുകഴിക്കുന്നയാളെന്നും ചികിത്സ വേണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് 10 ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ജിഷമോള്‍ നല്‍കിയ വ്യാജ കറന്‍സികള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. നല്‍കിയത് വ്യാജ കറന്‍സികളെന്ന് അറിയാമായിരുന്നെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും. തുടര്‍ന്നും ജിഷ മോളെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നതിനാല്‍ പൊലീസിന് കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആലപ്പുഴ കളരിക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ക്കെതിരെ വ്യാജവിവാഹ സര്‍ടിഫികറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എയര്‍ഇന്‍ഡ്യയില്‍ എയര്‍ഹോസ്റ്റസായും, സ്പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായും നേരത്തെ ജോലി ചെയ്തിട്ടുണ്ടെന്നാണ് ജിഷമോള്‍ പറഞ്ഞിരുന്നത്.
ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തില്‍ പ്രത്യേക സെലില്‍ പാര്‍പിക്കും. തുടര്‍ന്ന് ഡോക്ടര്‍മാരുടെ റിപോര്‍ട് കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക.
Keywords: News, Kerala, State,Alappuzha, Case, Arrest, Trending, hospital, Court, Police, Latest-News, Top-Headlines, Agriculture officer Jishamol shifted to mental hospital