ചണ്ഡിഗഡ്: (www.kvartha.com) പഞ്ചാബില്‍ എഎപി മന്ത്രിയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. ആം ആദ്മി എംഎല്‍എ ഹര്‍ജോത് സിങ് ബെയ്ന്‍സും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ മാസം അവസാനമാണ് വിവാഹചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം.
പഞ്ചാബിലെ രൂപ്നഗര്‍ ജില്ലയിലെ മണ്ഡലമായ അനന്ത്പുര്‍ സാഹിബില്‍ നിന്നുള്ള നിയമസഭാംഗമാണ് 32കാരനായ ഹര്‍ജോത് സിങ്. ആദ്യമായി നിയമസഭയിലെത്തുന്ന അദ്ദേഹം നിലവില്‍ ഭഗവന്ത് മന്‍ സര്‍കാരിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ്.
2014ല്‍ ചണ്ഡിഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി ബിരുദമെടുത്ത ഇദ്ദേഹം 2018ല്‍ ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് ഇകനോമിക്‌സില്‍നിന്ന് രാജ്യാന്തര മനുഷ്യാവകാശ നിയമത്തില്‍ സര്‍ടിഫികറ്റ് കരസ്ഥമാക്കി.
അനന്ത്പുര്‍ സാഹിബിലെ ഗംഭിര്‍പുര്‍ ഗ്രാമത്തില്‍ നിന്നെത്തിയ ഹര്‍ജോത് സിങ് 2017ലെ തിരഞ്ഞെടുപ്പില്‍ ഷഹ്നിവാല്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് എഎപിയുടെ യുവജന സംഘടനയെ നയിക്കുന്നത് ബെയ്ന്‍സാണ്.
പഞ്ചാബ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ജ്യോതി നിലവില്‍ മാന്‍സ ജില്ലയിലെ പൊലീസ് സൂപ്രണ്ടന്റാണ്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ജ്യോതി കഴിഞ്ഞ വര്‍ഷം എഎപി എംല്‍എയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Keywords: News, National, MLA, Minister, Marriage, IPS Officer, Top-Headlines, Politics, Latest-News, AAP Punjab Minister Harjot Singh Bains To Marry Senior Police Officer Jyoti Yadav