Agreement Life | രണ്ട് ഭാര്യമാരെയും ഉപേക്ഷിക്കാന്‍ വയ്യ; ഒടുവില്‍ ആഴ്ചയില്‍ 3 ദിവസം ഓരോരുത്തര്‍ക്കൊപ്പം താമസിക്കാമെന്ന് കരാര്‍; ഞായറാഴ്ച ഭര്‍ത്താവിന് ഇഷ്ടമുള്ളയാളോടൊപ്പവും ചെലവഴിക്കാം!

 




ഗ്വാളിയോര്‍: (www.kvartha.com) രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത് പുലിവാല് പിടിച്ച യുവാവിന് ഒടുവില്‍ തര്‍ക്കം പരിഹരിക്കാന്‍ കരാറില്‍ ഒപ്പിടേണ്ടി വന്നു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ് രസകരമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. യുവാവിന് ആഴ്ചയില്‍ മൂന്ന് ദിവസം ഓരോ ഭാര്യമാരോടൊപ്പം താമസിക്കാമെന്നും ഏഴാം ദിവസം ഭര്‍ത്താവിന് ഇഷ്ടമുള്ള ഭാര്യയോടൊപ്പവും താമസിക്കാമെന്നും കരാറില്‍ പറയുന്നു. 

എന്നാല്‍ ഹിന്ദുനിയമപ്രകാരം സംഭവം നിയമവിരുദ്ധമാണെന്ന് കൗണ്‍സിലറും അഭിഭാഷകനുമായ ഹരീഷ് ദിവാന്‍ പറഞ്ഞു. നിയമപ്രകാരം, ഒരു ഹിന്ദു പുരുഷന് ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ നിയമം അനുശാസിക്കുന്നില്ല. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ കേസാണ് മൂവരും പുറത്തുവെച്ച് ധാരണയിലായത്. 

2018ലാണ് എന്‍ജിനീയറായ യുവാവ് ആദ്യം വിവാഹിതനാകുന്നത്. ഇതിനിടെ കോവിഡ് കാലത്ത് ആദ്യഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ച് യുവാവ് ജോലി ചെയ്യുന്ന ഗുരുഗ്രാമില്‍ തങ്ങാന്‍ തുടങ്ങി.
ഈസമയം ഓഫിസിലെ സഹപ്രവര്‍ത്തകയുമായി അടുക്കുകയും അവരോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. 

പിന്നീട് ആദ്യ ഭാര്യയെ കൂടെക്കൂട്ടാന്‍ 2020 വരെ യുവാവ് മടങ്ങിവരാതിരുന്നപ്പോള്‍ യുവതി ഭര്‍ത്താവിനെ തേടി ഗുരുഗ്രാമിലെത്തി. അവിടെയെത്തി അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതന്നും ബന്ധത്തില്‍ ഒരുകുട്ടിയുണ്ടന്നും മനസ്സിലാക്കുന്നത്. ഇതോടെ യുവാവിന്റെ രണ്ടാം വിവാഹത്തിന്റെ പേരില്‍ യുവതി പരസ്യമായി വഴക്കിടുകയും ഓഫീസില്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഗ്വാളിയോറിലെ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിക്ക് പിന്നാലെ, ഭര്‍ത്താവിനെ ഗ്വാളിയോറിലേക്ക് വിളിപ്പിച്ചു. എന്നാല്‍, രണ്ടാമത്തെ ഭാര്യയെ ഉപേക്ഷിക്കാന്‍ യുവാവ് തയ്യാറായില്ല. മൂവരെയും കൗണ്‍സിലിങ് ചെയ്‌തെങ്കിലും വേര്‍പിരിഞ്ഞ് താമസിക്കാന്‍ ആദ്യ ഭാര്യയും തയ്യാറായില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. പിന്നീടാണ്, മൂവരും കരാറില്‍ ഏര്‍പെട്ടത്. 

Agreement Life | രണ്ട് ഭാര്യമാരെയും ഉപേക്ഷിക്കാന്‍ വയ്യ; ഒടുവില്‍ ആഴ്ചയില്‍ 3 ദിവസം ഓരോരുത്തര്‍ക്കൊപ്പം താമസിക്കാമെന്ന് കരാര്‍; ഞായറാഴ്ച ഭര്‍ത്താവിന് ഇഷ്ടമുള്ളയാളോടൊപ്പവും ചെലവഴിക്കാം!


കരാര്‍ പ്രകാരം യുവാവ് ആഴ്ചയില്‍ മൂന്ന് ദിവസം ഭാര്യയ്ക്കൊപ്പവും മറ്റൊരു മൂന്ന് ദിവസം താന്‍ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന സ്ത്രീയ്ക്കൊപ്പവും താമസിക്കാമെന്ന് സമ്മതിച്ചു. ഞായറാഴ്ച ഇഷ്ടമുള്ള സ്ത്രീക്കൊപ്പം ജീവിക്കാനും അനുവാദം നല്‍കി. ഇരുവര്‍ക്കും ഓരോ ഫ്‌ലാറ്റും നല്‍കി. കരാര്‍ പ്രകാരം തന്റെ ശമ്പളം ഇരുവര്‍ക്കുമായി തുല്യമായി പങ്കിടാനും യുവാവ് സമ്മതിച്ചു. 

അതേസമയം, കരാറിന് നിയമപരമായ സാധുതയില്ലെന്നും മൂന്ന് പേരും പരസ്പര സമ്മതത്തോടെയാണ് കരാറിലേര്‍പെട്ടതെന്നും കുടുംബ കോടതിക്കോ കൗണ്‍സിലര്‍ക്കോ പങ്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹിന്ദു നിയമമനുസരിച്ച്, അവര്‍ തമ്മിലുള്ള ഈ കരാര്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

Keywords:  News, National, India, Marriage, Religion, Family, Wife, Husband, Child, Local-News, lawyer, Humor, 2 Women Married To Same Man Reach An 'Agreement' To Split Days With Him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia