നാഗ്പൂര്‍: (www.kvartha.com) ജി20 ഉച്ചകോടിക്കായി റോഡരികില്‍ ഒരുക്കിയ പൂച്ചട്ടികള്‍ ആഡംബര കാറിലെത്തി മോഷ്ടിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ല്യു കാറില്‍ വന്ന പ്രതികള്‍ വാഹനം നിര്‍ത്തിയശേഷം കാറിന്റെ ബൂടില്‍ മൂന്ന് ചെടിച്ചട്ടികള്‍ കയറ്റി കൊണ്ടുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ക്രമീകരണങ്ങളുടെ ഭാഗമായി ഛത്രപതി സ്‌ക്വയര്‍ മുതല്‍ ഹോടെല്‍ റാഡിസണ്‍ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും ഡിവൈഡറിലുമൊക്കെ ചെടിച്ചട്ടികള്‍വെച്ച് അലങ്കരിച്ചിരുന്നു. ഈ ചെടികളാണ് യുവാക്കള്‍ മോഷ്ടിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മോഷണത്തിനും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരവുമാണ് കേസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറും വാഹനമോടിച്ച യുവാക്കളെയും തിരിച്ചറിയുകയായിരുന്നു.
പ്രതികള്‍ 25ഉം 22ഉം വയസുള്ള നാഗ്പൂര്‍ സ്വദേശികളാണെന്ന് റാണാ പ്രതാപ് നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മങ്കേഷ് കാലെ പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
മാര്‍ച് 20 മുതല്‍ 22 വരെ നടക്കുന്ന ജി 20 യോഗത്തിനെത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനായാണ് റോഡ് സൈഡുകള്‍ പൂച്ചെടികള്‍വെച്ച് അലങ്കരിച്ചിരുന്നത്.
Keywords: News, National, India, theft, Robbery, Police, Arrested, Top-Headlines, Vehicles, 2 Men, In BMW, Steal Potted Plants Kept On Nagpur Road As G20 Decoration