തലശേരി: (www.kvartha.com) തലശേരി നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സഹപാഠിയായ വിദ്യാര്‍ഥിയെ തല്ലി ചതച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. തലശേരി നഗരത്തിലെ ബിഇഎംപി. സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ശാമില്‍ ലതീഫിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ചെന്ന സംഭവത്തിലാണ് 11 സഹപാഠികള്‍ക്കെതിരെ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
ശാമിലിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. അടിക്കുന്നതിനിടയില്‍ തലയ്ക്ക് അടിക്കല്ലേ എന്ന് കൂട്ടത്തിലുള്ളവര്‍ പറയുന്നുമുണ്ട്. മര്‍ദിച്ചവരുടെ കൂട്ടത്തിലുള്ളവരാണ് വീഡിയോ ചിത്രീകരിച്ചത്. ധര്‍മടം ഒഴയില്‍ ഭാഗത്ത് താമസിക്കുന്ന വിദ്യാര്‍ഥിയെ ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചാണ് മര്‍ദിച്ചത്.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെക്കുറിച്ച് അധ്യാപികയോട് ശാമില്‍ പരാതി പറഞ്ഞതാണ് അക്രമത്തിന് കാരണം. രണ്ടുദിവസം മുന്‍പ് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വിദ്യാര്‍ഥിയുടെ കുടുംബം തയാറായിരുന്നില്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വെള്ളിയാഴ്ച വിദ്യാര്‍ഥിയുടെ മൊഴിയെടുക്കുകയും ബന്ധുക്കളുടെ പരാതിയില്‍ കേസെടുക്കുകയുമായിരുന്നുവെന്ന് തലശേരി ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം അനില്‍ പറഞ്ഞു.
Keywords: 11 students booked for abusing classmate, Thalassery, News, Case, Assault, Students, Social-Media, Police, Kerala.