മലപ്പുറം: (www.kvartha.com) നിലമ്പൂര്‍ മമ്പാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിനി സുല്‍ഫ്വതിനെയാണ് ബുധനാഴ്ച പുലര്‍ചെ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് സുല്‍ഫ്വതിന്റെ ബന്ധുവായ സകീര്‍ ഹുസൈന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഭര്‍ത്താവ് ശമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മമ്പാടിനടുത്ത് പൊങ്ങല്ലൂരിലെ ഭര്‍തൃവീട്ടിലാണ് സുല്‍ഫ്വതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് സമീപവാസികള്‍ പറയുന്നത്:
സുല്‍ഫ്വത് തൂങ്ങിമരിച്ചെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍, മരണ വിവരമറിഞ്ഞ് എത്തുമ്പോള്‍ മൃതദേഹം നിലത്തു കിടത്തിയ നിലയിലായിരുന്നു. പുലര്‍ചെ വീട്ടില്‍നിന്നു ബഹളം കേട്ടിരുന്നെങ്കിലും ഇതു പതിവായതിനാല്‍ ആദ്യം കാര്യമാക്കിയില്ല. പിന്നീടാണ് മരണ വിവരം പുറത്തായത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, മഞ്ചേരി മെഡികല്‍ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ടം നടത്തും. ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Woman Found Dead in House, Malappuram, News, Dead Body, Complaint, Police, Custody, Kerala.