Kannur CPM | ഉള്‍പാര്‍ടി സമരമോ വിഭാഗീയതയോ? കണ്ണൂരിലെ ഇപി - പിജെ പോരിന് പിന്നിലെന്ത്?

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സിപിഎമിലെ വിഭാഗീയതയുടെ ഉള്‍ചുഴികളും തിരമാലകളും സംസ്ഥാന നേതൃത്വത്തില്‍ എത്തിയതോടെ നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ മുന്നേറ്റ യാത്ര ഫെബ്രുവരി 20ന് കാസര്‍കോട് കുമ്പളയില്‍ നിന്നും തുടങ്ങാനിരിക്കെയാണ് ജാഥയെ കുറിച്ചുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമിറ്റി യോഗത്തില്‍ നേരത്തെ പി ജയരാജന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ഇപി ജയരാജന്‍ മറുപടിയുമായെത്തിയത്. സിപിഎം കേന്ദ്രകമിറ്റിയംഗം കൂടിയായ ഇപി ജയരാജന് താന്‍ പങ്കെടുക്കാത്ത സംസ്ഥാന കമിറ്റി യോഗത്തില്‍ തനിക്കെതിരെ പി ജയരാജന്‍ അതീവ ഗൗരവകരമായ വിമര്‍ശനം ഉന്നയിച്ചതില്‍ അമര്‍ഷമുണ്ട്.
              
Kannur CPM | ഉള്‍പാര്‍ടി സമരമോ വിഭാഗീയതയോ? കണ്ണൂരിലെ ഇപി - പിജെ പോരിന് പിന്നിലെന്ത്?

എന്നാല്‍ പുറത്ത് ഇതുപരസ്യമായി പ്രതികരിച്ചില്ലെങ്കിലും സംസ്ഥാന കമിറ്റി യോഗത്തില്‍ ഇപി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആന്തൂരിലെ വൈദിക റിസോര്‍ട് വിഷയത്തില്‍ താനും കുടുംബവും അന്യായമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നാണ് ഇപി ജയരാജന്റെ നിലപാട്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും തെളിവുണ്ടോയെന്നായിരുന്നു ഇപി ജയരാജന്റെ ചോദ്യം. എന്നാല്‍ ഇപി പ്രതിരോധം ശക്തമാക്കിയതോട പാര്‍ടിയില്‍ താന്‍ ഉന്നയിച്ച റിസോര്‍ട് അനധികൃത പണ സമ്പാദന ആരോപണങ്ങളില്‍ നിന്നും രണ്ടു ചുവട് പിന്നോട്ടു വെച്ചിരിക്കുകയാണ് പി ജയരാജന്‍. ഒരു സര്‍വ യുദ്ധമുണ്ടായല്‍ തനിക്ക് ഉള്‍പെടെ മുറിവേല്‍ക്കുമെന്ന വ്യക്തമായ സന്ദേശം പി ജയരാജന് ഇപി പക്ഷത്തുള്ളവര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പി ജയരാജന് കേരളത്തിലെ സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് ഇപിയെ അനുകൂലിക്കുന്നവര്‍ ശേഖരിച്ചതെന്നാണ് വിവരം. ഇതു കൂടാതെ ചില ഉന്നത മുതലാളിമാരുമായുള്ള വഴിവിട്ട ചങ്ങാത്തം, സാമ്പത്തിക ബന്ധങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ ഇപിയെ അനുകൂലിക്കുന്നവര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. നൂറോളം പേരുള്ള സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ പി ജയരാജനെ അനുകൂലിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവരെയുള്ളൂ. മാത്രമല്ല കണ്ണൂരില്‍ തീര്‍ക്കേണ്ട വിഷയം പിജെ സംസ്ഥാന തലത്തിലേക്ക് വലിച്ച് കൊണ്ടുപോയതില്‍ പല നേതാക്കളും അസ്വസ്ഥരാണ്.

ഈ സാഹചര്യത്തിലാണ് പി ജയരാജനെ രഹസ്യമായി പിന്തുണയ്ക്കുന്ന പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദനും തലയൂരേണ്ടി വന്നത്. കണ്ണൂരിലെ പ്രബല നേതാക്കളായ ഇപി ജയരാജനും പി ജയരാജനും കൊമ്പുകോര്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തീരെ താല്‍പര്യമില്ലാത്ത കാര്യങ്ങളിലൊന്നാണ്. ഒരു കാലത്ത് തന്റെ വലം കയ്യായിരുന്ന ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പരോക്ഷമായി വന്നുകൊള്ളുക തന്നിലേക്കാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൂട്ടി കാണുന്നത്. ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ് പാര്‍ടിയില്‍ ഒരു വെടിനിര്‍ത്തലിന് സര്‍വ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലെന്നത് സുനാമിക്ക് മുന്‍പിലുണ്ടാകാറുള്ള കടല്‍ നിശബ്ദതയാകാമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ താല്‍കാലിക വെടിനിര്‍ത്തലുണ്ടായേക്കാമെങ്കിലും വരും നാളുകള്‍ സിപിഎമില്‍ വീണ അശാന്തിയുടെ കനലുകള്‍ പുകഞ്ഞുകൊണ്ടിരിക്കാനാണ് സാധ്യത.

Keywords:  Latest-News, Kerala, Kannur, Top-Headlines, E.P Jayarajan, P. Jayarajan, Controversy, Political-News, Politics, Political Party, CPM, What is behind EP - PJ fight in Kannur?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia