Follow KVARTHA on Google news Follow Us!
ad

Career | എന്താണ് എയര്‍ ഹോസ്റ്റസ് ജോലി, എങ്ങിനെ എത്തിപ്പെടാം? അറിയേണ്ടതെല്ലാം

What is an air hostess job? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-മുജീബുല്ല കെ എം

(www.kvartha.com) പലരും ചോദിക്കുന്ന ചോദ്യമാണിത്, എന്താണ് എയര്‍ ഹോസ്റ്റസ് ജോലി?, എങ്ങിനെ അതിലേക്കു എത്തിപ്പെടാം?. വിവിധ എയര്‍ലൈനിലെ ജോലി സംബന്ധമായ നിയമങ്ങള്‍ എന്തൊക്കെ?. അറിയുക, വര്‍ണച്ചിറകുള്ള പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നു നടക്കുന്നവരാണ് എയര്‍ ഹോസ്റ്റസുമാര്‍. കരയ്ക്കും കടലിനും മുകളിലൂടെ ചിറകു വിരിച്ച വിമാനങ്ങളില്‍ അവര്‍ ലോകം ചുറ്റുന്നു. ഓരോ യാത്രയിലും പുതിയ പുതിയ അനുഭവങ്ങള്‍, ആളുകള്‍. ടെര്‍മിനലിനുള്ളില്‍ എയര്‍ ഹോസ്റ്റസുമാര്‍ തോളില്‍ ബാഗുമായി, ട്രോളിയും വലിച്ച് കൂട്ടത്തോടെ നടന്നുപോകുന്നത് കാണാം.
       
Article, Job, Airport, Air Plane, Flight, Education, Top-Headlines, What is an air hostess job?

വേഷവിധാനത്തിലെയൊക്കെ പ്രത്യേകത കൊണ്ട് എയര്‍ ഹോസ്റ്റസുമാരെ കണ്ടാല്‍ ഒന്നു നോക്കാത്തവര്‍ അധികമുണ്ടാവില്ല. പലര്‍ക്കും അസൂയ തോന്നിക്കുന്ന ജോലിയാണത്. മികച്ച വേതനം, നക്ഷത്രഹോട്ടലുകളില്‍ താമസം, സൗജന്യയാത്ര, നല്ല ഭക്ഷണം തുടങ്ങി നിരവധി പ്രത്യേകതകളുണ്ട്. മന്ത്രിമാരും സിനിമാതാരങ്ങളും ഉള്‍പ്പെടെ വലിയവര്‍ സ്ഥിരം യാത്രക്കാരായി ഉണ്ടാവും.

ജോലി ഗ്ലാമറുള്ളതാണെങ്കിലും ഉത്തരവാദിത്തം വളരെ കൂടുതലാണ്. വിമാനം പുറപ്പെടുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. ആഭ്യന്തര വിമാനമാണെങ്കില്‍ ഒരുമണിക്കൂര്‍ മുമ്പ് മതി. എത്തിയാലുടന്‍ ഊതിപ്പിക്കും. മദ്യപിച്ചോ എന്നറിയാന്‍ വേണ്ടിയാണ്. മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ ഇറക്കിവിടും. നേരിടേണ്ടി വരുന്ന ശിക്ഷകളും കടുത്തതായിരിക്കും. എല്ലാ സുരക്ഷാ പരിശോധനയും കഴിഞ്ഞ് വിമാനത്തിലേക്ക്. അന്താരാഷ്ട്രവിമാനം ആണെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധം. വിസ വേണ്ട, പകരം ജനറല്‍ ഡിക്‌ളറേഷന്‍ (ജിഡി) പകര്‍പ്പ് കൈയില്‍ വേണം. പിന്നെ സ്വന്തം എയര്‍ ലൈന്‍സ് കാര്‍ഡും. രണ്ടുമുണ്ടെങ്കില്‍ ഏതു രാജ്യത്തു വേണമെങ്കിലും പറന്നു നടക്കാം.

എയര്‍ഹോസ്റ്റസിനെ കാബിന്‍ ക്രൂ എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം ഉണ്ടായിരിക്കണം. കുരുക്കളോ , പാടുകളോ ഇല്ലാത്ത ക്ലിയര്‍ മുഖവും വേണം- എയര്‍ലൈന്‍ ജോലിയുടെ പ്രധാന ലൈന്‍ ഇതാണ്. മുഖത്തു പ്രകടമായ പാടുകളോ, കരുവാളിപ്പോ ഉണ്ടാകാന്‍ പാടില്ല. മേക്കപ്പ് ഇട്ടു മറയ്ക്കാന്‍ കഴിയുന്ന ഒന്നോ രണ്ടോ മുഖക്കുരു ആകാം. മുറിയന്‍ മുടി പാടില്ല. മുടി ഹെയര്‍ സ്‌പ്രേ ഉപയോഗിച്ചു വൃത്തിയായി കെട്ടി ഒതുക്കി വയ്ക്കണം. മുടിയില്‍ എണ്ണ മയവും പാടില്ല. നരച്ച മുടിയും അരുത്.

അലങ്കാരങ്ങളില്ലാത്ത ഹൈഹീല്‍ ചെരിപ്പുകള്‍ ധരിക്കണം. ഡൊമസ്റ്റിക് ഫ്‌ലൈറ്റില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞതു 154 സെന്റീമീറ്റര്‍ ഉയരം വേണം. പുരുഷന്മാര്‍ക്ക് 170. രാജ്യാന്തര വിമാനത്തില്‍ ഇതിലും കൂടുതല്‍ ഉയരം വേണം. 18-22 ഇടയിലായിരിക്കണം ഉയരവും തൂക്കവും തമ്മിലുള്ള അനുപാതം (ബിഎംഐ). പുരുഷന്മാര്‍ക്ക് 25 വരെയാകാം. മതചിഹ്നങ്ങളുള്ള ആഭരണങ്ങള്‍ ജോലിക്കിടയില്‍ ധരിക്കാന്‍ പാടില്ല. കയ്യിലും, കഴുത്തിലും ചരടും ധരിക്കരുത്. പേളിന്റെ ചെറിയ കമ്മല്‍ മാത്രം അനുവദനീയം.

ചില എയര്‍ലൈനുകള്‍ സാരിക്കൊപ്പം മാലയും ചെറിയ പൊട്ടും അനുവദിക്കാറുണ്ട്. ആഭരണങ്ങളില്‍ ആര്‍ഭാടം പാടില്ലെന്ന നയത്തില്‍ വിമാനക്കമ്പനികളെല്ലാം ഒറ്റക്കെട്ട്. യാത്രക്കാരുമായി മുഖാമുഖം വരുന്ന എയര്‍ലൈന്‍ പ്രതിനിധികളാണ് കാബിന്‍ ക്രൂമാരും ഫ്‌ലൈറ്റ് സ്റ്റ്യൂവാര്‍ഡുമാരും. അതിനാല്‍ അവരുടെ ചിരി മറഞ്ഞു പോകാത്ത മേക്കപ്പായിരിക്കണം. പ്രൈമര്‍/ഫൗണ്ടേഷന്‍, മാസ്‌കാര/ഐലൈനെര്‍, ഐഷാഡോ, ലിപ്സ്റ്റിക്, ബ്ലഷ്, നെയില്‍പോളിഷ് എന്നിവ ഉറപ്പായി വേണം.

ഇവയുടെ നിറങ്ങള്‍ ഓരോ എയര്‍ലൈനിലും വ്യത്യസ്തമായിരിക്കും. ചിരിയാണു മെയിന്‍. അതങ്ങനെ തിളങ്ങിനില്‍ക്കാന്‍ ചുവപ്പിന്റെയും, പിങ്കിന്റെയും കടുത്ത ചായങ്ങള്‍ ചുണ്ടുകളില്‍ ഉപയോഗിക്കണം. ഈ നിറങ്ങളിലും ന്യൂഡ് നിറങ്ങളിലുമുള്ള നെയില്‍ പോളിഷ് ഉപയോഗിക്കാം. ചില എയര്‍ലൈനുകള്‍ യുണിഫോമിനോടു ചേര്‍ന്നുനില്‍ക്കുന്ന നീല ഐലൈനര്‍ ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ട്. രാജ്യാന്തര വിമാനങ്ങളില്‍ 20 മണിക്കൂറിലേറെ ഈ മേക്കപ്പും മുഖത്തെ ചിരിയും മായാതെ കാക്കണം. തുടക്കക്കാര്‍ക്ക് ഒരുങ്ങാന്‍ മുക്കാല്‍ മണിക്കൂറോളം വേണ്ടിവരും. എന്നാല്‍ ശീലമാകുന്നതോടെ 25 മിനിറ്റു മതി.

ഭൂരിഭാഗം എയര്‍ലൈനിലും പുരുഷ കാബിന്‍ ക്രൂ ക്ലീന്‍ ഷേവ് ചെയ്യണം. ഇതിന്റെ റിയാക്ഷന്‍ ഉണ്ടാകാതിരിക്കാന്‍ ആഫ്റ്റര്‍ ക്രീമും ഉപയോഗിക്കണം. മുടി ഷര്‍ട്ടിന്റെ കോളറില്‍ തട്ടാതെ സ്റ്റാന്‍ഡേഡ് ആയി വെട്ടിയൊതുക്കണം.ലെതറിന്റെയോ ,സില്‍വറിന്റെയോ വാച്ച് ധരിക്കാം. കാതുകുത്താനോ , പുറത്തുകാണും വിധം ടാറ്റൂ ചെയ്യാനോ പാടില്ല. ജെന്‍ഡര്‍ വ്യത്യാസം ഇല്ലാതെ എല്ലാ എയര്‍ലൈന്‍ ക്രൂ അംഗങ്ങളും പെര്‍ഫ്യൂം നിര്‍ബന്ധമായും ഉപയോഗിക്കണം.
        
Article, Job, Airport, Air Plane, Flight, Education, Top-Headlines, What is an air hostess job?

വിമാനത്തില്‍ കയറിയാല്‍ ആദ്യസമയം അറിയിപ്പുകള്‍ക്കുള്ളതാണ്. വിമാനത്തെക്കുറിച്ചുള്ള വിവരങ്ങളും , സുരക്ഷാ കാര്യങ്ങളും അടിയന്തര സാഹചര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യാത്രക്കാരെ അറിയിക്കും. അതുകഴിഞ്ഞാലാണ് ശരിക്കുള്ള പണി. അടിയന്തരസാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രഥമ ശുശ്രൂഷ മരുന്നുകള്‍, വൃത്തിയും വെടിപ്പും, ആവശ്യമുള്ളത്ര കമ്പിളി, തലയണ, എയര്‍ സിക്ക്നസ് ബാഗ്, ഭക്ഷണം, ബാര്‍ സൗകര്യങ്ങള്‍, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി... ഇവയെല്ലാം ശ്രദ്ധിക്കണം. അപ്പോഴേക്കും പൈലറ്റുമാര്‍ എത്തും. അവരുടെ അനുമതിയോടെ ബോര്‍ഡിങ് നടത്താം. യാത്രക്കാര്‍ വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ അവരുടെ സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന ചുമതല എയര്‍ ഹോസ്റ്റസിനുണ്ട്.

* യാത്രക്കാരെ പുഞ്ചിരിയോടെ വണങ്ങി സ്വീകരിച്ച് നിര്‍ദിഷ്ട സീറ്റില്‍ കൊണ്ടിരുത്തുക,
* ഹാന്‍ഡ് ബാഗേജ് യഥാസ്ഥാനം വയ്ക്കാന്‍ സഹായിക്കുക,
* സീറ്റ് ബെല്‍റ്റ് കെട്ടിയെന്ന് ഉറപ്പുവരുത്തുക,
* സുരക്ഷ സംബന്ധിച്ച അറിയിപ്പു നല്‍കുക,
* ഓക്‌സിജന്‍ മാസ്‌ക്, ലൈഫ് ജാക്കറ്റ് എന്നിവയുടെ ഉപയോഗരീതി പ്രദര്‍ശിപ്പിക്കുക
* സീറ്റിന്റെ നില വേണ്ടവിധമാക്കാന്‍ നിര്‍ദേശിക്കുക,
* വിമാനത്തിന്റെ വാതിലുകള്‍ ഭദ്രമായി അടച്ചെന്ന് ഉറപ്പുവരുത്തുക എന്നിവ യാത്ര തുടങ്ങുംമുന്‍പ് ഹോസ്റ്റസ് ചെയ്യേണ്ടതുണ്ട്.
* വിമാനത്തിനുളളിലെ ശുചിത്വം ഉറപ്പുവരുത്തുകയും സീറ്റ് പോക്കറ്റുകളില്‍ സുരക്ഷാനിര്‍ദേശങ്ങളും വായനയ്ക്കുള്ള പ്രസിദ്ധീകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ഇതെല്ലാം കഴിഞ്ഞാല്‍ ഫ്രണ്ട് ഗാലറിയിലേക്ക് ക്യാപ്റ്റന്റെ അറിയിപ്പ് വരും, 'കാബിന്‍ ക്രൂ പ്ലീസ് ബി സീറ്റഡ്' എന്ന്. അതോടെ വിമാനം പറന്നുയരും. പറന്നുയര്‍ന്ന് കഴിഞ്ഞാല്‍ എഴുന്നേറ്റ് ജോലിയിലേക്ക് പ്രവേശിക്കും. ബാര്‍ ഉണ്ടെങ്കില്‍ മദ്യമാണ് ആദ്യം നല്‍കുക. പിന്നീട് ഭക്ഷണം. അതുകഴിഞ്ഞാല്‍ ചായ, കാപ്പി. പിന്നെ പണം വാങ്ങല്‍. അതുകൂടി കഴിഞ്ഞാല്‍ നാടകത്തില്‍ എന്ന പോലെ മുന്നിലും പിന്നിലും കര്‍ട്ടന്‍ ഇടും. പിന്നീട് എയര്‍ ഹോസ്റ്റസുമാരുടെ ഭക്ഷണത്തിനുള്ള സമയമാണ്. അതിനിടയില്‍ ചിലപ്പോള്‍ പാസഞ്ചര്‍ കാള്‍ ബട്ടണില്‍ വെളിച്ചവും ശബ്ദവും വരും. മിക്കപ്പോഴും അത് വെള്ളത്തിന് വേണ്ടിയാവും.

ഇത്തരം സേവനം കഴിഞ്ഞാല്‍ വെളിച്ചമണച്ച് ഉറങ്ങാനുള്ള സൗകര്യം ഒരുക്കലാണ് അടുത്ത ജോലി. വിമാനത്തിന് ഇറങ്ങാനുള്ള സമയമായാല്‍ വീണ്ടും സീറ്റ് ബെല്‍റ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാകാര്യങ്ങള്‍ ഉറപ്പാക്കി എല്ലാവരും സീറ്റില്‍ പോയിരിക്കും. ജോലിയും യാത്രയും കൊണ്ട് അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിട്ടുണ്ടാവും. എങ്കിലും ചുണ്ടില്‍ പുഞ്ചിരിയുമായി വേണം ഇരിക്കാന്‍. വിമാനത്തിന്റെ വലിപ്പത്തിനനുസരിച്ച് എയര്‍ ഹോസ്റ്റസുമാരുടെ എണ്ണത്തിലും മാറ്റമുണ്ടാകും. എത്ര ചെറിയ വിമാനമായാലും അഞ്ചു പേരെങ്കിലും ഉണ്ടാവും.

എന്താണ് വേണ്ട യോഗ്യതകള്‍?

മതിയായ വിദ്യാഭ്യാസവും തികഞ്ഞ ആത്മവിശ്വാസവും ഭാഷാപരിചയവും ഉണ്ടെങ്കില്‍ ആര്‍ക്കും എയര്‍ ഹോസ്റ്റസ് ആകാം. പക്ഷേ കടമ്പകള്‍ കടക്കാന്‍ കടുപ്പമാണ്. 18-നും 25-നും ഇടയിലാവണം പ്രായം.
പ്ലസ് ടു അല്ലെങ്കില്‍ ബിരുദമാണ് യോഗ്യത. കുറഞ്ഞത് 162 സെ. മീ. ഉയരവും ആനുപാതികമായ തൂക്കവും വേണം. നല്ല കാഴ്ചശക്തി, ഇംഗ്ലീഷ്, ഹിന്ദി (ഇന്ത്യയിലെങ്കില്‍) ഭാഷകളില്‍ പ്രാവീണ്യം. ഇതാണ് പൊതുമാനദണ്ഡമെങ്കിലും നീന്തലറിഞ്ഞിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വിമാനക്കമ്പനികളുമുണ്ട്.
പോസിറ്റീവ് ആറ്റിറ്റിയൂഡും ആത്മവിശ്വാസവും നിര്‍ബന്ധം.

അഞ്ചു റൗണ്ടെങ്കിലും അഭിമുഖം ഉണ്ട്. 40,000 മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം ലഭിക്കും. ഗ്ലാമറും താരമൂല്യവും സാഹസികതയുമെല്ലാം ഉള്ള ജോലിയാണിത്. യാത്രകള്‍ ചെയ്യാം, ഓരോ രാജ്യത്തെയും രീതികളും സംസ്‌കാരവും മനസ്സിലാക്കാം. എയര്‍ ഹോസ്റ്റസിനും കുടുംബത്തിനും മുന്നില്‍ മറ്റൊരു ലോകമാണ് ഈ തൊഴില്‍ തുറന്നുതരുന്നത്. ഒരിക്കല്‍ ഇങ്ങനെ പറക്കാന്‍ അവസരം കിട്ടിയാല്‍ അത് വിട്ടുവരുന്നവര്‍ വളരെ ചുരുക്കമാണ്.

വേതനം

എയര്‍ ഹോസ്റ്റസുമാരുടെ ശമ്പളം ഓരോ വിമാനക്കമ്പനികള്‍ക്കനുസരിച്ചാണ്. അടിസ്ഥാനവേതനത്തിന് പുറമെ പറന്ന മണിക്കൂറും കണക്കാക്കിയാണ് ശമ്പളം. മണിക്കൂറിന് 250 മുതല്‍ 800 രൂപവരെ ലഭിക്കും.
ഒരുവര്‍ഷം ആയിരം മണിക്കൂര്‍ മാത്രമേ പറക്കാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. താമസിക്കാന്‍ എല്ലാ സ്ഥലത്തും പഞ്ചനക്ഷത്ര സൗകര്യവും ഭക്ഷണവും സൗജന്യമായി ലഭിക്കും. പോക്കറ്റ് മണിയായി നല്ല തുക കമ്പനികള്‍ തരും. എല്ലാം നോക്കുമ്പോള്‍ മോശമല്ലാത്ത തുക മാസത്തില്‍ ലഭിക്കും. പക്ഷേ ഒരു കാര്യമുണ്ട്, തിന്ന് തൂക്കം കൂടിയാല്‍ താഴെയിറങ്ങേണ്ടിവരും.

താഴെയെന്ന് പറഞ്ഞാല്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി നോക്കണം എന്നര്‍ഥം. തൂക്കം കുറയ്ക്കാന്‍ മൂന്നുതവണ അവസരം നല്‍കും. വൈദ്യ പരിശോധന അത്ര കര്‍ശനമാണ്. മൂന്നു തവണയും തൂക്കം കുറഞ്ഞില്ലെങ്കില്‍ ആകാശം ഔട്ട് എന്നര്‍ഥം. അങ്ങനെ ഒട്ടേറെപ്പേര്‍ക്ക് പിന്നീട് ഗ്രൗണ്ടില്‍ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്.

കൂടുതലായി അറിയാന്‍

വിമാനത്തില്‍ യാത്രക്കാര്‍ അപൂര്‍വമായെങ്കിലും മോശമായി പെരുമാറിയെന്ന് വരും. പക്ഷേ അതുപോലെ തിരിച്ച് പ്രതികരിക്കരുത്. വിമാനമിറങ്ങിയാല്‍ ശല്യക്കാരെ സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കും. മദ്യപാനമാണ് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത്. മിക്ക വിമാനങ്ങളിലും ബാര്‍ സര്‍വീസ് ഉണ്ട്. രണ്ട് പെഗ്ഗാണ് സാധാരണ യാത്രക്കാര്‍ക്ക് അനുവദിക്കുക. പലരും അധികം ചോദിക്കും. ആളെ നോക്കി ചിലപ്പോള്‍ മൂന്നു കൊടുത്തെന്ന് വരും. ചില വിദ്വാന്‍മാര്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് നന്നായി അടിച്ചിരിക്കും. വിമാനത്തിലേതും കൂടിയാകുമ്പോള്‍ ആള്‍ ശല്യക്കാരനാകും.

എയര്‍ ഹോസ്റ്റസിന് സാമാന്യം വൈദ്യപരിശീലനവും നല്‍കും. തത്കാലത്തേക്ക് രോഗങ്ങള്‍ക്ക് മരുന്നു നല്‍കാന്‍ പറ്റും. വയറിളക്കം, ഛര്‍ദി, മുറിവ്, ശ്വാസംമുട്ടല്‍, ചെവിവേദന, അലര്‍ജി ഇതൊക്കെ യാത്രക്കാര്‍ക്കുണ്ടാവാം. അതിനൊക്കെ മരുന്നും കാണും. എല്ലാ മാസവും ശരീരഭാരം പരിശോധിക്കും. ഭാരത്തിലോ , മുഖക്കുരുവിന്റെ എണ്ണത്തിലോ വര്‍ധനയുണ്ടായാല്‍ നേരെയാകുന്നതു വരെ ജോലിയില്‍നിന്നു സസ്‌പെന്‍ഷനും മുന്നറിയിപ്പു ലെറ്ററും ഉറപ്പ്. അംഗീകൃതമായ രീതിയിലാണോ ഒരുങ്ങിയതെന്നു പരിശോധിക്കാനായി ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഗ്രൂമിങ് ചെക്കിങ്ങും നടത്തും. വര്‍ഷാവര്‍ഷം ആരോഗ്യ പരിശോധനകളും നടത്തണം.

കണ്ണട കൂടാതെയുള്ള നല്ല കാഴ്ചശക്തി, ആകര്‍ഷകമായ മുഖം, നല്ല ദന്തനിര, പ്രസന്നമായ പെരുമാറ്റം ഇവയെല്ലാം വേണ്ട ഗുണങ്ങളാണ്. അതിനൊപ്പം ഇന്ത്യയിലെ എയര്‍ലൈനുകളില്‍ ഒഴുക്കോടെ ഇംഗ്ലിഷും ഹിന്ദിയും പറയാന്‍ കഴിയണം. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍ ഭാഷകളിലെ സംഭാഷണ പ്രാവീണ്യത്തിനു മുന്‍തൂക്കം ലഭിക്കും. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ വിവാഹിതയാകരുത് എന്ന നിബന്ധന തുടക്കക്കാര്‍ക്കു മുന്‍പില്‍ ചില ഇന്ത്യന്‍ എയര്‍ലൈനുകള്‍ വയ്ക്കാറുണ്ട്. വിദേശ എയര്‍ലൈനുകളില്‍ ഇതു മാനദണ്ഡമല്ല. എന്നാലും എയര്‍ഹോസ്റ്റസ് ഗര്‍ഭിണി ആണെന്നറിഞ്ഞാല്‍ ഫ്‌ലൈറ്റ് ഡ്യൂട്ടിയില്‍നിന്നു മാറ്റിനിര്‍ത്തും. കുഞ്ഞിന്റെ സുരക്ഷയെ കരുതിയാണിത്. 6 മാസം പ്രസവാവധിയും അനുവദിക്കും.

വിമാന റാഞ്ചല്‍, ബോംബ് ഭീഷണി, അടിയന്തര ലാന്‍ഡിങ് മുതലായ അസാധാരണ സാഹചര്യങ്ങളില്‍ ക്ഷമയും പക്വതയും പുലര്‍ത്താന്‍ കാബിന്‍ ക്രൂവിനു കഴിയണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്തിലെ മുഴുവന്‍ ആളുകളെയും 90 സെക്കന്‍ഡിനകം പുറത്തിറക്കാനുള്ള പരിശീലനം ഇവര്‍ നേടിയിട്ടുണ്ട്. അപകടങ്ങളില്‍ പൈലറ്റ് ഉള്‍പ്പെടെ പുറത്തെത്തിയ ശേഷമേ ഇവര്‍ക്കു പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. പ്രസവ പരിചരണത്തിനും പരിശീലനം കിട്ടും .

വിമാനത്തിലെ ഇടനാഴികളിലൂടെ മണിക്കൂറുകളോളം നടക്കേണ്ടി വന്നാലും യാത്രക്കാരോട് അസ്വാരസ്യം തോന്നിയാലും പ്രകടിപ്പിക്കാതെ ഇടപെടുക . ക്ഷീണമോ വിഷമമോ ഉള്ളപ്പോഴും മുഖപ്രസാദം നിലനിര്‍ത്തുക , മാന്യത വിട്ട പെരുമാറ്റത്തിനു മുന്നില്‍ സമചിത്തത പുലര്‍ത്തി തന്ത്രപൂര്‍വം പെരുമാറുക എന്നിവ ഒക്കെ ജോലിയുടെ ഭാഗമാണ്.

അലര്‍ട്ട് തുടര്‍ച്ചയായുണ്ടാകുന്ന താപനിലയിലെയും അന്തരീക്ഷ മര്‍ദത്തിന്റെയും വ്യത്യാസവും ആരോഗ്യം നശിപ്പിക്കും. ഉറക്കമിളപ്പും ജെറ്റ്‌ലാഗും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതൊക്കെ സ്ത്രീകളുടെ ആര്‍ത്തവം തെറ്റിക്കും. അങ്ങനെ വന്നാല്‍ വണ്ണം കൂടും. ഇതിനെയെല്ലാം തരണം ചെയ്യാന്‍ കഴിയണം. ഏതു ദിവസവും ഏതു നേരവും ഡ്യൂട്ടി വരാം. ക്ലേശങ്ങള്‍ ഉള്ളപ്പോഴും ഉല്ലാസവതിയായി പെരുമാറിയേ മതിയാകൂ.വയോധികര്‍, ഭിന്നശേഷിക്കാര്‍, ശിശുക്കള്‍, ഒറ്റയ്ക്കു യാത്ര ചെയ്യുന്ന കൂട്ടികള്‍ മുതലായവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം.

എന്തൊക്കെയാണ് കാബിന്‍ ക്രൂ ഉപ വിഭാഗങ്ങള്‍

എയര്‍ലൈനുകള്‍ തമ്മില്‍ കിടമത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ലൈറ്റ് സേവനങ്ങളുടെ ഗുണമേന്മ വാണിജ്യപരമായി നിര്‍ണായകമാണ്. യാത്രക്കാരുമായി മുഖാമുഖം വരുന്ന എയര്‍ലൈന്‍ പ്രതിനിധികള്‍ മുഖ്യമായും എയര്‍ ഹോസ്റ്റസുമാരും ഫ്‌ലൈറ്റ് സ്റ്റ്യൂവാര്‍ഡുമാരും ആകയാല്‍, എയര്‍ലൈനെ സംബന്ധിച്ച മതിപ്പ് അവരുടെ പെരുമാറ്റത്തെയും സേവന വ്യഗ്രതയെയും ആശ്രയിച്ചിരിക്കുന്നു. ഇവരെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് എന്നും വിളിക്കും. ഹോസ്റ്റസുമാരില്‍ മുഖ്യ ചുമതല വഹിക്കുന്നയാളെ ഫ്‌ലൈറ്റ് പഴ്‌സര്‍ എന്നും പറയാറുണ്ട്. ഇവരെല്ലാംതന്നെ കാബിന്‍ ക്രൂ വിഭാഗത്തില്‍പ്പെടും.

കുറച്ചു കൂടി പറഞ്ഞാല്‍ വിവിധ രാജ്യങ്ങളും സ്ഥലങ്ങളും കാണാന്‍ സൗകര്യം കിട്ടുമെങ്കിലും, രാപകലില്ലാതെ പണിയെടുക്കുകയും വീട്ടില്‍നിന്ന് ഏറെ അകന്നു കഴിയുകയും വേണ്ടിവരും. സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാമെന്നു പറഞ്ഞാലും ഉറക്കമിളപ്പും ജെറ്റ്‌ലാഗും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഏതു ദിവസവും ഏതു നേരവും ഡ്യൂട്ടി വരാം. ക്ലേശങ്ങള്‍ ഉള്ളപ്പോഴും ഉല്ലാസവതിയായി പെരുമാറിയേ മതിയാകൂ. കൃത്യനിര്‍വഹണത്തിലെ സമര്‍പ്പണബോധം പ്രധാനം.

സൗന്ദര്യത്തെക്കുറിച്ചു പലരിലും തെറ്റായ ധാരണയുണ്ട്. അഴകളവിന്റെ അക്കങ്ങളല്ല പ്രധാനം. ആകര്‍ഷകമായ മുഖം, നല്ല ദന്തനിര, പ്രസന്നമായ പെരുമാറ്റം, യുക്തമായ സ്വരഭേദത്തോടെ സംസാരിക്കാനുള്ള കഴിവ് എന്നിവ വേണം. ഭാവവും മൊത്തത്തിലുള്ള വ്യക്തിത്വവുമാണു മുഖ്യമായും പരിശോധിക്കുക. ചില എയര്‍ലൈനുകള്‍ ഹോസ്റ്റസ് ജോലി ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ ഫയല്‍ ചെയ്തുവയ്ക്കുകയും, ആവശ്യമുള്ളപ്പോള്‍ ഇന്റര്‍വ്യൂവിനു ക്ഷണിക്കുകയും ചെയ്യാറുണ്ട്. സര്‍ക്കാര്‍ ജോലിക്കെന്നപോലെ പരസ്യങ്ങള്‍ നല്‍കി അപേക്ഷ ക്ഷണിച്ചാവില്ല പലപ്പോഴും നിയമനം.

പരിശീലനം നല്‍കുന്ന പ്രധാന സ്ഥാപനങ്ങള്‍

* Frankfinn Inst. of Air Hostess Training Multiple locations in India
* Universal Aviation academy Chennai
* Bombay Flying club college of aviation Mumbai
* Center for Civil Aviation training New Delhi
* Jet Airways Academy Mumbai, Delhi, and Kolkata
* Universal Aviation Academy or U. A. A. Tamilnadu
* Indigo Training Centre Gurugram

* Air Hostess Academy (AHA) Bangalore, Chandigarh, Delhi
* Ifly Training Academy Indigo, Gurgaon Gurugram
* Indira Gandhi Institute of Aeronautics Nagpur, Jaipur, Ahmadabad
* Rajiv Gandhi Memorial College of Aeronautics or R. G. M. C. A. Rajasthan
* Inst. for Personality Etiquette and Grooming Chennai
* PTC - Aviation Academy Banglore, Chennai

* Wings Air Hostess and Hospitality training Gujarat
* IATA approved Cabin Crew Training Institutes in Kerala:
* Speedwings Academy for Aviation Studies, Kochi
* Institute of Air Travel Studies Adoor & Cochin
* Alhind Academy,Calicut
* VIMS Aviation & Hospitality Thiruvananthapuram, Kayamkulam, & Pathanamthitta
* Vision Academy, Thrissur, Calicut

ഈ ഒരു കരിയറിനെ ഇത്രയൊക്കെ മനസ്സിലാക്കി കഴിഞ്ഞാല്‍, ഇത് നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് കാണുന്നു എങ്കില്‍ ഒരുപാട് പരിശീലന സ്ഥാപനങ്ങള്‍ ചുറ്റുമുള്ളതില്‍, വിശ്വസനീയമായതിനെ കണ്ടെത്തി ചേരാന്‍ ശ്രമിക്കുക

Keywords: Article, Job, Airport, Air Plane, Flight, Education, Top-Headlines, What is an air hostess job?
< !- START disable copy paste -->

Post a Comment