കേരളത്തിന്റെ ആരോഗ്യമേഖല ഒട്ടേറെക്കാര്യങ്ങളില്‍ രാജ്യത്തിനും ലോകത്തിനുതന്നെയും മാതൃകയാണ് എന്നത് നമുക്കേവര്‍ക്കും അറിവുള്ളതാണ്. കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളുടെ ആണിക്കല്ല് സാമൂഹിക വികസനത്തിലൂടെ ആരോഗ്യനേട്ടങ്ങള്‍ കൈവരിച്ചു എന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ സര്‍കാരുകളുടെയും നിരന്തരമായ സാമൂഹിക ഇടപെടലുകള്‍ മറ്റെല്ലാ വികസന സൂചികകളെയുംപോലെ പോഷണത്തെയും സ്വാധീനിച്ചിട്ടുണ്ട്.
ഭൂപരിഷ്‌കരണ നിയമങ്ങള്‍, ആളുകള്‍ക്ക് മണ്ണിന്റെ മുകളില്‍ ഉണ്ടാക്കിയ അവകാശം സ്വാഭാവികമായിത്തന്നെ ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ സഹായിച്ചു. ആദ്യ ഇടതുപക്ഷ സര്‍കാര്‍ തുടക്കമിട്ട സൗജന്യവും സര്‍വത്രികവുമായ വിദ്യാഭ്യാസം എന്ന നയം ആളുകളെ, പ്രത്യേകിച്ചും സ്ത്രീകളെ വിദ്യാസമ്പന്നരാക്കുകയും അത് പലതരത്തില്‍ ആരോഗ്യകരമായ പോഷണ ശീലങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്തു.
കൈ കഴുകി ഭക്ഷണം കഴിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പാദരക്ഷകള്‍ ഉപയോഗിച്ച് വിരബാധകള്‍ തടയുക തുടങ്ങി ലളിതമായ മാര്‍ഗങ്ങളിലൂടെ ഒട്ടേറെ പകര്‍ചവ്യാധികളെയും പോഷണപ്രശ്നങ്ങളെയും തുടച്ചു നീക്കാന്‍ കേരളസമൂഹത്തിന് കഴിഞ്ഞു. എങ്കിലും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരില്‍ തുടര്‍ന്ന് വരുന്ന പോഷണ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സര്‍കാര്‍ തുടര്‍ചയായി ശ്രമിച്ചുവരികയാണ്.
ക്ഷേമപെന്‍ഷനുകള്‍ മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവശവിഭാഗങ്ങളിലുള്ളവരുടെ ഭക്ഷണ ആവശ്യത്തിനാണ് എന്നതിനാലാണ് സര്‍കാര്‍ പ്രതിസന്ധികള്‍ക്കിടയിലും അതിന് വലിയ പ്രാധാന്യം നല്‍കുന്നത്. പൊതു വിതരണ സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനോടൊപ്പം കോവിഡ് പോലെയുള്ള സവിശേഷ സന്ദര്‍ഭങ്ങളില്‍ ഭക്ഷണ-പോഷണ ലഭ്യതയില്‍ സര്‍കാര്‍ ശക്തമായി ഇടപെടുന്നുണ്ട്.
ആരോഗ്യമേഖലയില്‍ വലിയ ഭീഷണികളുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഉയര്‍ന്നുവരുന്ന രോഗാതുരതയും പുത്തന്‍ പകര്‍ചവ്യാധികളും നമുക്ക് നിരന്തരം ഭീഷണി ഉയര്‍ത്തുന്നു. ആരോഗ്യ മേഖലയില്‍ സര്‍കാര്‍ സംവിധാനത്തില്‍ തന്നെ ഉയര്‍ന്ന ഗുണമേന്മയുള്ള വലിയ പശ്ചാത്തല സൗകര്യങ്ങളൊരുക്കി, നിരന്തര ഇടപെടലുകളിലൂടെ വലിയ മാറ്റങ്ങളാണ് നാം വരുത്തികൊണ്ടിരിക്കുന്നത്. ഇതിലൂടെ നിപ, കോവിഡ്, സിക, മങ്കിപോക്‌സ് തുടങ്ങിയ പകര്‍ചവ്യാധികളെ ഫലപ്രദമായി നേരിടാന്‍ നമുക്കായി എന്നതും ജീവിതശൈലീരോഗങ്ങളുടെ നിര്‍ണയവും ചികിത്സയും ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ന് സര്‍കാര്‍ ആശുപത്രികളില്‍ നിര്‍വഹിക്കുന്നു എന്നതും നമ്മുടെ ശ്രമങ്ങള്‍ ഗുണപ്രാപ്തിയില്‍ എത്തുന്നു എന്നതിന്റെ സൂചകങ്ങളാണ്.
നവകേരളം കര്‍മപദ്ധതിയിലുള്‍പ്പെട്ട ആര്‍ദ്രം മിഷന്‍ ഒന്നിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വ്യാപകമായി പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനാണ് മുന്‍ഗണന നല്‍കിയതെങ്കില്‍, ഇന്ന് ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കിക്കൊണ്ടിരിക്കുന്നു.
ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ആശുപത്രികളെ ഡിജിറ്റലൈസ് ആക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ പുരോഗതിയ്‌ക്കൊപ്പം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വലിയ പ്രാധാന്യം നല്‍കി വരുന്നു. ജീവിതശൈലീ രോഗനിര്‍ണയത്തിന് പുതിയ ചുവടുവയ്പ്പ് നടത്തി.
30 വയസിന് മുകളിലുള്ള 77 ലക്ഷത്തിലധികം പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടായത്. ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിക്കുകയും കാന്‍സര്‍ രെജിസ്ട്രി തയാറാക്കുകയും ചെയ്തു. കാന്‍സര്‍ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിന് കാന്‍സര്‍ കെയര്‍ സ്‌ക്രീനിംഗ് പോര്‍ടലിന് രൂപം നല്‍കി, തുടങ്ങി നമ്മുടെ ഇടപെടലുകളുടെ പട്ടിക നീണ്ടുപോകുന്നു.
ഈ ഇടപെടലുകളുടെ തുടര്‍ചയായാണ് പൊതുജനാരോഗ്യം ഉറപ്പ് വരുത്താന്‍ ബഹുജന പങ്കാളിത്തത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന വിവ കേരളം പദ്ധതി. വിളര്‍ച അഥവാ അനീമിയ എന്നത് ഒരു ആരോഗ്യപ്രശ്നം എന്നതിലുപരി ഒരു സാമൂഹിക സാമ്പത്തിക പ്രശ്നമാണ്. സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, ആദിവാസികള്‍, അഗതികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ മറ്റുള്ളവരെക്കാള്‍ ഈ പ്രശ്നം പേറുന്നു എന്നതും കുട്ടികളുടെ പഠനത്തില്‍ മുതല്‍ മുതിര്‍ന്നവരുടെ ജോലിയുടെ ഗുണനിലവാരത്തില്‍ വരെ സ്വാധീനം ചെലുത്തി സമൂഹത്തെ ബലഹീനമാക്കുന്നു എന്നതും ഈ പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
വര്‍ഷങ്ങളായുള്ള ദേശീയ കുടുംബാരോഗ്യ സര്‍വേകളില്‍ കാണുന്നതനുസരിച്ച് എല്ലാ പ്രായക്കാരുടെ വിഭാഗങ്ങളിലും, വിളര്‍ച രാജ്യത്തില്‍ തന്നെ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം എന്നതാണ്. എങ്കിലും ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിളര്‍ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, എസ് സി എസ് ടി വകുപ്പ് തുടങ്ങി വിവിധ സര്‍കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയും ബഹുജന പങ്കാളിത്തത്തോടെയും വിവ കേരളം എന്നപേരില്‍ കാംപെയ് ന്‍ ആരംഭിക്കുന്നത്. ഇതിനായി സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയും രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍ എന്താണ് അനീമിയ എന്നും അതെങ്ങനെ പരിഹരിക്കാമെന്നും എല്ലാവരും അറിയേണ്ടതുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവവായുവും പോഷകങ്ങളും ശരീരത്തിന്റെ പല ഭാഗത്തേക്ക് എത്തിക്കുന്ന ദ്രാവകമാണ് രക്തം എന്നത് നമുക്കറിയാം . രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത്, രക്തത്തിലെ ചുവന്ന രക്തകോശങ്ങളില്‍ (RBC) കാണുന്ന ഹീമോഗ്ലോബിന്‍ എന്ന മാംസ്യ തന്മാത്രകളാണ്.
ശ്വാസകോശത്തില്‍ നിന്നും ഹൃദയത്തിലൂടെ നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രോടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്റെ പ്രധാനഘടകം ഇരുമ്പുസത്താണ്. ചുവന്ന രക്തകോശങ്ങള്‍ക്കോ അതിലുള്ള ഹീമോഗ്ലോബിന്‍ എന്ന പ്രോടീനോ എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ നമ്മളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കാതിരിക്കുകയും അത് കാരണം നമ്മള്‍ക്ക് പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും.
ശരീരത്തില്‍ ചുവന്ന കോശങ്ങള്‍ ഉണ്ടാകുന്ന പ്രക്രിയയുടെ പേരാണ് എറിത്രോപോയിസിസ്. അനേകം പോഷകങ്ങള്‍ ആവശ്യമായ വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് അത്. ഇങ്ങനെയുണ്ടാകുന്ന ചുവന്ന രക്തകോശങ്ങളുടെ ആയുസ് ആകട്ടെ വെറും 100 മുതല്‍ 120 ദിവസം മാത്രമാണ്. അതുകൊണ്ടുതന്നെ നിരന്തരമായി ശരീരത്തില്‍ ഈ രക്തകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കേണ്ട ആവശ്യമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ചുവന്ന രക്തകോശങ്ങള്‍ക്കോ ഹീമോഗ്ലോബിനോ വരുന്ന കുറവുമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് അനീമിയ, അല്ലെങ്കില്‍ വിളര്‍ച.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള 42% കുട്ടികള്‍ക്കും 40% ഗര്‍ഭിണികള്‍ക്കും വിളര്‍ചയുണ്ട്. 2022ലെ ഇന്‍ഡ്യയില്‍ ദേശീയ ആരോഗ്യ കുടുംബാരോഗ്യ സര്‍വേ-5 പ്രകാരം ഇന്‍ഡ്യയിലെ 5 വയസില്‍ താഴെയുള്ള കുട്ടികളിലും, ഗര്‍ഭിണികളിലും, മുലയൂട്ടുന്ന അമ്മമാരിലും വിളര്‍ചയുടെ അളവ് യഥാക്രമം 40%, 32%, 40% ആണ്.
ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്‍ഡ്യയില്‍ അനീമിയയുടെ തോത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്.
കുട്ടികളിലും, കൗമാരക്കാരിലും വിളര്‍ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണസാധനങ്ങളായ ഇലക്കറികളോ മത്സ്യമാംസാദികളോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കല്‍, ഏതെങ്കിലും ഭക്ഷണത്തോടുള്ള അമിത പ്രതിപത്തി, വികലമായ ഡയറ്റിങ്, വിരശല്യം, കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലാണെങ്കില്‍ മാസമുറയുടെ സമയത്ത് കൂടുതല്‍ രക്തം നഷ്ടപ്പെടുന്നത് തുടങ്ങിയവയാണ്.
ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇതു കൂടാത ഈ കാലയളവില്‍ സാധാരണയില്‍ നിന്നും കൂടുതലായി ആവശ്യമുള്ള (ഗര്‍ഭസ്ഥ ശിശുവിനോ, പാല് കുടിക്കുന്ന കുഞ്ഞിനോ ആവശ്യമായ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 തുടങ്ങിയവ കൂടി അമ്മയില്‍ നിന്നും വരേണ്ടതുണ്ട്) പോഷകങ്ങള്‍ 'അമ്മ കൂടുതലായി എടുക്കുന്നില്ല, മുതലായവയാണ്.
പോഷകങ്ങള്‍ എടുക്കുന്നതില്‍ കുറവ്, പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന് കഴിയാതെ ഇരിക്കുക, പോഷണം രക്ത സ്രവത്തിലൂടെയും മറ്റും നഷ്ടമാവുക എന്നിവ എല്ലാം വിളര്‍ച ഉണ്ടാക്കും. സ്ത്രീകളില്‍ രക്തസ്രാവം ഒരു പ്രധാനപ്രശ്നമാണ്.സികില്‍ സെല്‍ അനീമിയ പോലെ ജനിതക ഘടകങ്ങളും അനീമിയ ഉണ്ടാക്കുന്നുണ്ട്. ഈ കാര്യങ്ങളെയൊക്കെ ഉള്‍ക്കൊണ്ട് വിളര്‍ച മുക്ത കേരളത്തിനായാണ് കേരള സര്‍കാര്‍ വിളര്‍ചയെ നിയന്ത്രിക്കാന്‍ വേണ്ടി വിവ കേരളം കാംപെയ് ന്‍ ആവിഷ്‌കരിക്കുന്നത്.
15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഒരു പ്രധാന ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവത്ക്കരണവും ലക്ഷ്യമിടുന്നു. വിദ്യാസമ്പന്നരും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളില്‍ പോലും അനീമിയ കാണുന്നുണ്ട്. മറഞ്ഞിരിക്കുന്ന അനീമിയ പല ഗുരുതര ശാരീരിക ബുദ്ധിമുട്ടിലേക്കും നയിക്കും. അനീമിയ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ പലതരത്തിലുള്ള സങ്കീര്‍ണതകളില്‍ നിന്നും മോചനം നേടാവുന്നതാണ്.
കേരള സര്‍കാര്‍, സംസ്ഥാന ആരോഗ്യവകുപ്പ് ഒരു വലിയ ജനകീയ കാംപെയ് ന് തുടക്കമിടുകയാണ്. ആദ്യം നമുക്ക് വിളര്‍ചയുണ്ടോയെന്ന് പരിശോധിച്ചു കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇതിനുള്ള അവസരമുണ്ടായിരിക്കും. സ്വകാര്യ ലാബുകള്‍, സന്നദ്ധ സംഘടനകളുടെ കാംപുകളില്‍ എന്നിവിടങ്ങളിലെ പരിശോധനകളും ക്രോഡീകരിക്കും.
ഓരോരുത്തരും അവരുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്രയെന്ന് കണ്ടെത്തണം. ആഹാര ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വിളര്‍ച പരിഹരിക്കാന്‍ കഴിയണം. വിളര്‍ച നല്ലരീതിയില്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ചികിത്സയും ആവശ്യമാണ്. വിളര്‍ച ഒഴിവാക്കുക എന്നുള്ളത് പ്രധാനപ്പെട്ടൊരു കാര്യമാണ്. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ വിളര്‍ച ഒരു ആരോഗ്യപ്രശ്നവും അതോടൊപ്പം സാമൂഹിക, സാമ്പത്തിക പ്രശ്നവുമാണ്.
മിടുക്കരായ കുട്ടികളും, ചുറുചുറുക്കുള്ള ചെറുപ്പക്കാരും, ആരോഗ്യമുള്ള വൃദ്ധജനങ്ങളുമുള്ള, വളര്‍ചയുള്ള ഒരു സമൂഹത്തിന് വിളര്‍ചയെ മാറ്റി നിര്‍ത്തിയേ തീരൂ. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. വിവ കേരളം കാംപെയ് നില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു. സമീകൃത ആഹാരവും, ശാസ്ത്രീയമായ ആഹാര രീതികള്‍ ശീലിച്ചും കൃത്യമായ ചികിത്സ വഴിയും നമുക്ക് വിളര്‍ചയെ തടയാനാകും എന്നുള്ളതിനാല്‍ നമുക്ക് ഒരുമിച്ച് ഈ ഉദ്യമം വിജയിപ്പിക്കാം.
Keywords: Viva Kerala' Let's unite for an anemia free Kerala; Health Minister, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala.