തിരുവനന്തപുരം: (www.kvartha.com) ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കറുത്ത ബാനര്‍ പിടിച്ച് കാല്‍നടയായി നിയമസഭയിലെത്തിയ പ്രതിപക്ഷാംഗങ്ങളെ പരിഹസിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ജയരാജന്‍ ജീവിച്ചിരിപ്പുണ്ടെന്നും രാഷ്ട്രീയത്തില്‍ സജീവമാണെന്നും ഇപ്പോഴെങ്കിലും അറിഞ്ഞതില്‍ സന്തോഷം എന്നായിരുന്നു സതീശന്റെ മറുപടി. നിയമസഭയിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ നടന്നുവന്നതിനെ മോണിങ് വാക് എന്ന് പറഞ്ഞാണ് ഇപി ജയരാജന്‍ പരിഹസിച്ചത്. സംസ്ഥാന സര്‍കാറിന്റെ നികുതി വര്‍ധവിനെതിരെ വലിയ പ്രതിഷേധത്തിനാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭക്ക് അകത്തും പുറത്തും നടത്തിയത്. എന്നാല്‍ ബജറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും അണുവിട പിന്‍മാറില്ലെന്ന തീരുമാനത്തിലാണ് സര്‍കാര്‍.
രാവിലെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് കറുത്ത ബാനര്‍ പിടിച്ച് കാല്‍നടയായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. ഒമ്പതുമണിക്ക് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ അന്യായ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറും പ്ലകാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി.
സ്പീകര്‍ ചോദ്യോത്തരവേളയിലേക്ക് കടന്നതോടെ വീണ്ടും പ്രതിപക്ഷ ബഹളം ഉയര്‍ന്നു. പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് പ്ലകാര്‍ഡുകളും മുദ്രാവാക്യവുമായി സ്പീകറുടെ ഡയസിന് മുന്നിലേക്കെത്തി. നികുതികൊള്ള, പിടിച്ചുപറി, പോകറ്റടി എന്നെഴുതിയ കറുത്ത ബാനര്‍ ഉയര്‍ത്തി സ്പീകറുടെ കാഴ്ച പല തവണ മറച്ചു. ഇത് ശരിയല്ലെന്ന് അംഗങ്ങളോട് സ്പീകര്‍ ആവര്‍ത്തിച്ചെങ്കിലും അത് ചെവിക്കൊണ്ടില്ല.
Keywords: VD Satheesan reacts to EP Jayarajan's jokes, Thiruvananthapuram, News, Protesters, Criticism, Assembly, Trending, Kerala, Politics.