Follow KVARTHA on Google news Follow Us!
ad

Criticized | ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ സിപിഎമിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവ്; പാര്‍ടി ഒരു ഭീകര സംഘടനയായി അധഃപതിച്ചുവെന്നും പ്രതിപക്ഷ നേതാവ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Criticism,CPM,Kerala,
തിരുവനന്തപുരം: (www.kvartha.com) സിപിഎമിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ സിപിഎമിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവാണെന്ന് പറഞ്ഞ സതീശന്‍ ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സിപിഎം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചുവെന്നും കുറ്റപ്പെടുത്തി.

VD Satheesan Criticized CPM, Thiruvananthapuram, News, Politics, Criticism, CPM, Kerala.

ഗുണ്ടാ മാഫിയകളുമായും ക്രിമിനല്‍ സംഘങ്ങളുമായും സിപിഎമിനുള്ള ബന്ധം ഭരണത്തണലില്‍ തഴച്ചുവളരുകയാണ്. കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണത്. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ നികുതി പണത്തില്‍ നിന്ന് ഒന്നര കോടിയോളം രൂപ ചിലവഴിച്ച് സുപ്രീം കോടതിയില്‍ മുന്‍നിര അഭിഭാഷകരെ രംഗത്തിറക്കിയാണ് സിബിഐ അന്വേഷണത്തെ സര്‍കാര്‍ എതിര്‍ത്തത്. ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നത് തീര്‍ചയാണ്. എല്ലാം ചെയ്യിച്ചത് പാര്‍ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വന്നിട്ട് കേരള പൊലീസ് ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സത്യം പുറത്തു വരാന്‍ സിബിഐ അന്വേഷണം തന്നെ വേണം. സമൂഹത്തോട് ഉത്തരവാദിത്തവും മനസാക്ഷിയുമുണ്ടെങ്കില്‍ സര്‍കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയും പ്രതികൂട്ടിലാണ്. സ്വപ്ന സുരേഷിന് ജോലി നല്‍കണമെന്ന് എം ശിവശങ്കറിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായി ഇഡി റിപോര്‍ടിലുണ്ട്. സ്പേസ് പാര്‍ക് പ്രോജക്ടിനായി സ്വപ്നയെ പി ഡബ്യു സി നിയമിച്ച കാര്യവും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

തുടക്കം മുതല്‍ ഈ കേസ് അട്ടിമറിക്കാനാണ് സര്‍കാര്‍ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് തടയിടാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടത്തില്‍ വിജിലന്‍സ് അന്വേഷണവും നിലച്ചു. സ്വപ്ന സുരേഷിനെ ധനസമ്പാദനത്തിനുള്ള ഇടനിലക്കാരിയാക്കിയ മുഖ്യമന്ത്രിക്കും സര്‍കാരിനും മറച്ചുപിടിക്കാന്‍ ഒരുപാടുണ്ട്. പക്ഷേ പ്രതിപക്ഷവും ജനങ്ങളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകുവെന്നും വിഡി സതീശന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Keywords: VD Satheesan Criticized CPM, Thiruvananthapuram, News, Politics, Criticism, CPM, Kerala.

Post a Comment