ആലുവ/ ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ പ്രൈവറ്റ് സെക്രടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കള്ളപ്പണ ഇടപാടു കേസില്‍ അറസ്റ്റ് ചെയ്‌തെന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ഈ കേസില്‍ സര്‍കാരിനും മുഖ്യമന്ത്രിക്കും യാതൊരു പങ്കുമില്ലെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയല്ലേ ഇതിനൊക്കെ മറുപടി പറയേണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ചല്ല മറുപടി നല്‍കേണ്ടത്. ചോദ്യങ്ങളുയരുമെന്ന് തീര്‍ചയാണ്. പ്രതിപക്ഷവും ജനങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ മുഖ്യമന്ത്രി സൗകര്യപൂര്‍വം എല്ലാം മറച്ചുവയ്ക്കുകയാണ്. ഇനി കുറച്ചു ദിവസത്തേക്ക് ഒന്നും മിണ്ടില്ല. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹം വാ തുറക്കില്ല. എന്നിട്ട് അദ്ദേഹത്തിന് സൗകര്യമുള്ളപ്പോള്‍ വന്ന് ആറു മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നും സതീശന്‍ പരിഹസിച്ചു.
അതേസമയം ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും ശിവശങ്കറിന്റെ അറസ്റ്റ് വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചേ മതിയാകൂ. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോകണം. അങ്ങനെയെങ്കില്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്നതില്‍ സംശയം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Keywords: VD Satheesan And Ramesh Chennithala Criticized CM Pinarayi Vijayan, Aluva, News, Politics, Ramesh Chennithala, Criticism, Pinarayi-Vijayan, Chief Minister, Kerala.