കോട്ടയം: (www.kvartha.com) ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച ആരോപണം പാര്‍ടിയല്ല, ബന്ധപ്പെട്ട ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ടി തന്നെ പൊലീസ് സ്റ്റേഷനും കോടതിയും ആകുന്ന രീതി അംഗീകരിക്കാനാകില്ലെന്നും അതിനെതിരായ നിയമനടപടികളെ കുറിച്ച് യുഡിഎഫ് ആലോചിക്കുമെന്നും സതീശന്‍ പറഞ്ഞു.
പ്രവൃത്തി ദിനത്തില്‍ കോന്നി താലൂക് ഓഫീസില്‍ നിന്നും 39 പേര്‍ ടൂര്‍ പോയതിനെ കുറിച്ചും പ്രതിപക്ഷ നേതാവ് സംസാരിച്ചു. സംഭവം തെറ്റാണെന്ന് പറഞ്ഞ സതീശന്‍ ഇതിനെ ന്യായീകരിക്കാന്‍ ആര് വന്നാലും അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവം ആവര്‍ത്താക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
വെള്ളക്കരം ഒരു രൂപ കൂട്ടിയെന്നാണ് സര്‍കാര്‍ പറയുന്നത്. എന്നാല്‍ 350 ശതമാനം വര്‍ധനവാണ് വെള്ളക്കരത്തില്‍ വരുത്തിയിരിക്കുന്നത്. ഇത് കൂടാതെ കേന്ദ്ര സര്‍കാരിന്റെ വായ്പാനയം മൂലം അഞ്ച് വര്‍ഷം കൊണ്ട് 25 ശതമാനത്തിന്റെ നിരക്ക് വര്‍ധനവുണ്ടാകും. ജനങ്ങളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി വെള്ളത്തെ സര്‍കാര്‍ മാറ്റിയിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
സിപിഎമും ബിജെപിയും തമ്മില്‍ ഒത്തുകളിച്ചാണ് സിപിഐ നേതാവ് ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ സാക്ഷികള്‍ കൂറുമാറിയതെന്നും സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കൊപ്പം പോകുമ്പോഴാണ് ചന്ദ്രശേഖരന്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ അതിലെ ദൃക്സാക്ഷികളായ സിപിഎം നേതാക്കള്‍ കുറുമാറിയതു കൊണ്ടാണ് പ്രതികളായ ബിജെപി നേതാക്കള്‍ രക്ഷപ്പെട്ടതെന്നും സതീശന്‍ ആരോപിച്ചു.
മറ്റൊരു കേസില്‍ ബിജെപി നേതാക്കള്‍ കൂറുമാറി സിപിഎമുകാരെ രക്ഷപ്പെടുത്തിയ സംഭവവും നടന്നിട്ടുണ്ട്. സിപിഎമും ബിജെപിയും തമ്മില്‍ നടക്കുന്ന ഒത്തുകളിയുടെ ചെറിയൊരു ഉദാഹരണമാണ് കാസര്‍കോട് കണ്ടത്. കേരളത്തിലെ സിപിഎമും കേന്ദ്രത്തിലെ ബിജെപിയും തമ്മില്‍ ബന്ധമുണ്ട്. ഇവരുടെ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാണ് ഇത്രയും പണം മുടക്കി കെവി തോമസിനെ ഡെല്‍ഹിയിലേക്ക് അയച്ചിരിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍.
Keywords: VD Satheesan About EP Jayarajan Issues, Kottayam, News, Politics, Allegation, Media, BJP, Kerala.