കൊച്ചി: (www.kvartha.com) എറണാകുളം മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് നഗരസഭാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ നിലയില്‍ മത്സ്യം കണ്ടെത്തിയത്.
പിരാന, രോഹു ഇനങ്ങളില്‍ പെട്ട മത്സ്യമാണ് അഴുകിയ നിലയില്‍ പിടിച്ചെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്രീസര്‍ സംവിധാനം ഇല്ലാത്ത കണ്ടെയ്‌നര്‍ വാഹനത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു കണ്ടെയ്‌നറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലും മറ്റൊരു കണ്ടെയ്‌നറില്‍ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തി ബോക്‌സുകളില്‍ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പ്രാദേശിക വിപണിയില്‍ വില്‍പനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Two containers of rotten fish caught in Kochi, Kochi, News, Inspection, Fish, Natives, Kerala.