ന്യൂഡെല്‍ഹി: (www.kvartha.com) സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. ഇന്‍ഡ്യ മതേതര രാജ്യമാണെന്നും ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ക്രൂരമാണെന്ന് പറഞ്ഞ കോടതി രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ചോദിച്ചു. ജസ്റ്റിസ് കെഎം ജോസഫ് ആണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌നയുടെ വിമര്‍ശനം. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണെന്ന് പറഞ്ഞ കോടതി ഹര്‍ജിക്കാരന്‍ ബ്രിടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ല. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
കേരളത്തില്‍ ഹിന്ദു രാജാക്കന്മാര്‍ മറ്റു മതങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയാന്‍ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്നും ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാന്‍ ശ്രമിക്കണം. കോടതി തീരുമാനം ശരിയാണെന്ന് ഹര്‍ജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്.
Keywords: Supreme Court rejects plea seeking renaming of historical places, New Delhi, News, Supreme Court of India, Religion, Criticism, National.