ന്യൂഡെല്‍ഹി: (www.kvartha.com) അഭയ കൊലക്കേസിലെ പ്രതി സിസ്റ്റര്‍ സെഫിക്ക് ആശ്വാസ വിധിയുമായി ഡെല്‍ഹി ഹൈകോടതി. കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഡെല്‍ഹി ഹൈകോടതിയുടെ ഉത്തരവ്. അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തണമെന്ന വാദം ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധിയാണ് ഇതിലൂടെ ഡെല്‍ഹി ഹൈകോടതി ജസ്റ്റിസ് എസ് കെ ശര്‍മ നടത്തിയത്.
സിബിഐ ഉത്തരവിട്ട കന്യകാത്വ പരിശോധനയ്ക്കെതിരെ 2009-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്നും കോടതി വിധിച്ചു.
പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സിബിഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡെല്‍ഹി ഹൈകോടതി വിധിച്ചു.
കന്യാകാത്വ പരിശോധനക്കെതിരെ സിസ്റ്റര്‍ സെഫി നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് സിസ്റ്റര്‍ സെഫി ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചത്. സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വിഎസ് റോബിന്‍ എന്നിവരാണ് ഡെല്‍ഹി ഹൈകോടതിയില്‍ ഹാജരായത്.
Keywords: Sister Abhaya murder case: Virginity test unconstitutional, says Delhi HC, New Delhi, News, Murder case, High-Court, CBI, Trending, National.