മുംബൈ: (www.kvartha.com) പൈലറ്റുമാരുടെ പരിശീലനവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഏഷ്യ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 20 ലക്ഷം രൂപ പിഴ ചുമത്തി. തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിലെ എട്ട് നിയുക്ത എക്സാമിനർമാരിൽ നിന്ന് ഡിജിസിഎ മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, എയർലൈനിന്റെ പരിശീലന മേധാവിയെ മൂന്ന് മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് മാറ്റാനും ഡിജിസിഎ ഉത്തരവിട്ടു.
പൈലറ്റ് പ്രാവീണ്യ പരിശോധന, ഇൻസ്ട്രുമെന്റ് റേറ്റിംഗ് ടെസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് എയർ ഏഷ്യ ഇന്ത്യ വ്യോമയാന മാനദണ്ഡങ്ങൾ ലംഘിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒരു മാസത്തിനിടെ ടാറ്റ ഗ്രൂപ്പ് എയർലൈനിനെതിരെ നടക്കുന്ന മൂന്നാമത്തെ നടപടിയാണിത്.
ഡിജിസിഎയുടെ ഉത്തരവ് പരിശോധിക്കുകയാണെന്നും ഇതിനെതിരെ അപ്പീൽ നൽകാൻ പദ്ധതിയുണ്ടെന്നും എയർ ഏഷ്യ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. 2022 നവംബറിൽ ഡിജിസിഎ നടത്തിയ പൈലറ്റ് പരിശീലനത്തിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി എയർഏഷ്യ വക്താവ് പറഞ്ഞു. ഡിജിസിഎയുമായി ഏകോപിപ്പിച്ച് ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
Keywords: News,National,India,Mumbai,Flight,Business,Finance,Pilot,Top-Headlines, Rs 20 Lakh Penalty For Air Asia After Lapses Found In Pilots' Training