തിരുവനന്തപുരം: (www.kvartha.com) കണ്ണൂര്‍ ആന്തൂരിലെ റിസോര്‍ട് അനധികൃത സമ്പാദ്യമാണെന്ന ആരോപണത്തിന് മറുപടി പറയവേ വികാരാധീനനായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായെന്നും ഇപി തുറന്നടിച്ചു.
സംസ്ഥാന സെക്രടേറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ്, സംസ്ഥാന സമിതിയില്‍ ഇപി ജയരാജന്‍, സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കിയത്. വിവാദമുണ്ടായപ്പോള്‍ പാര്‍ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇപി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയെന്നാണ് വിവരം. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് ഇപി എന്നാണ് അറിയുന്നത്. രൂക്ഷമായ ഭാഷയിലാണ് അടുപ്പക്കാരോട് ഇപി തന്റെ വികാരം പങ്കുവച്ചത്.
റിസോര്‍ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ കടുത്ത അതൃപ്തിയിലാണെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും വ്യക്തമാകുന്നത്. സംസ്ഥാന സമിതിയില്‍ വികാരഭരിതനായാണ് ഇപി സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ തനിക്കെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുകില്‍ കുറിച്ചു.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പാര്‍ടി അന്വേഷിക്കണമെന്ന് ഇപി സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നുളള രണ്ട് പ്രമുഖ നേതാക്കള്‍ സംസ്ഥാന കമിറ്റിയില്‍ നടത്തിയ ആരോപണ പ്രത്യാരോപണങ്ങളില്‍ തീരുമാനം സംസ്ഥാന സെക്രടേറിയറ്റിനു വിട്ടു. പൊളിറ്റ് ബ്യൂറോയുടെ മാര്‍ഗനിര്‍ദേശ പ്രകാരം സെക്രടേറിയറ്റ് തീരുമാനമെടുക്കും. ഇരുനേതാക്കളുടെയും നിലപാടും സെക്രടേറിയറ്റിന്റെ അഭിപ്രായവും പരിശോധിച്ച് പിബി തുടര്‍നടപടി ഇവിടെത്തന്നെയെടുക്കാന്‍ നിര്‍ദേശിക്കാനാണ് സാധ്യത.
ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ പികെ ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ യോഗത്തില്‍ ഇപി പങ്കെടുത്തിരുന്നില്ല. ഇപിയുടെ അസാന്നിധ്യത്തിലായിരുന്നു ആരോപണം. തുടര്‍ന്ന് സംസ്ഥാന കമിറ്റിയില്‍ തന്നെ മറുപടി പറയാന്‍ കേന്ദ്രകമിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രടേറിയറ്റ് നിര്‍ദേശിക്കുകയായിരുന്നു.
വികാരവിക്ഷോഭത്തോടെ സംസാരിച്ച ഇപി ഇതു തന്നെ തേജോവധം ചെയ്യാനുള്ള ഒടുവിലത്തെ നീക്കമാണെന്ന് ആരോപിച്ചു. തന്നെമാത്രം ലക്ഷ്യമിട്ട് ആരോപണങ്ങളും വാര്‍ത്തകളും വരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ചികിത്സാര്‍ഥം അവധിയെടുത്തു വിശ്രമിക്കുന്ന അവസരത്തില്‍ തന്റെ അസാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കമിറ്റിയില്‍ വ്യക്തിപരമായ ആരോപണം ഉയര്‍ന്നതു നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ റിസോര്‍ടിന്റെ കാര്യം രഹസ്യമല്ല. നേരത്തേയും ചിലര്‍ ഇതു വിവാദമാക്കാന്‍ നോക്കി. കണ്ണൂര്‍ ജില്ലാ കമിറ്റി തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് സംസ്ഥാന കമിറ്റിയില്‍ ഉയര്‍ന്നത്. ഭാര്യയുടെ റിടയര്‍മെന്റ് ആനുകൂല്യവും മകന്‍ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ച പണവുമാണ് റിസോര്‍ടില്‍ നിക്ഷേപിച്ചതെന്നും ഇപി ന്യായീകരിച്ചു. തനിക്ക് അനധികൃത സമ്പാദ്യമില്ലെന്നും പാര്‍ടിക്ക് എന്തു പരിശോധനയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ഇപി മറുപടി പറയുമ്പോള്‍ സംസ്ഥാന കമിറ്റിയില്‍ സന്നിഹിതനായിരുന്ന പി ജയരാജന്‍ ഇടപെടാനോ ഖണ്ഡിക്കാനോ മുതിര്‍ന്നില്ല എന്നതും ശ്രദ്ദേയമാണ്.
സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന ആരോപണം വാര്‍ത്തയും വിവാദവും ആയപ്പോഴും സംസ്ഥാന നേതൃത്വം നിഷേധിക്കാത്തതാണ് ഇപിയുടെ അതൃപ്തിക്ക് മുഖ്യ കാരണം. ചികിത്സയ്ക്കായി ഏറെനാള്‍ പാര്‍ടിയില്‍ നിന്ന് അവധിയെടുത്ത ഇപി, റിസോര്‍ട് വിവാദത്തിന് പിന്നാലെയാണ് വീണ്ടും സജീവമായത്.
തന്റെ ഭാര്യയും മകനും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായുള്ള റിസോര്‍ടിനെ ചുറ്റിപ്പറ്റി വിവാദം ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ലെന്നാണ് ഇപി കരുതുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രടേറിയറ്റ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.
Keywords: Resort controversy was to destroy me, says EP Jayarajan, Thiruvananthapuram, News, Allegation, Controversy, Media, Kerala.