കൊച്ചി: (www.kvartha.com) വിവാദമായ ആട്, തേക്ക്, മാഞ്ചിയം കേസിലെ പ്രതി ലൈംഗികപീഡനക്കേസില്‍ അറസ്റ്റില്‍. സിനിമ നിര്‍മാതാവും വ്യവസായിയുമായ തൃശൂര്‍ നടത്തറ സിറ്റാഡെല്‍ ഹൗസില്‍ മാര്‍ടിന്‍ സെബാസ്റ്റ്യനെയാണ് (57) സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി 15 വര്‍ഷത്തിലേറെയായി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയാണ് നടപടി.
നിലവില്‍ മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന പ്രതിയെ കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി യുവതിയെ വയനാട് മുംബൈ, തൃശ്ശൂര്‍, ബെംഗ്‌ളൂറു, തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പലതവണ ശാരീരികോപദ്രവങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്‌തെന്നാണ് പരാതി. 78 ലക്ഷത്തിലധികം രൂപയും 80 പവന്‍ സ്വര്‍ണവും മാര്‍ട്ടിന്‍ തട്ടിയെടുത്തെന്നും യുവതി ആരോപിക്കുന്നുണ്ട്.
ഡിസംബറില്‍ കേസെടുത്തെങ്കിലും ഹൈകോടതി മാര്‍ട്ടിന് മുന്‍കൂര്‍ ജാമ്യം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ചായിരുന്നു ജാമ്യം. ഒരു മാസം ഒളിവിലിരുന്ന പ്രതി ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടിയ ശേഷം കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാവുകയായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ എറണാകുളത്തെ ആഡംബര ഹോടെലില്‍ ഉള്‍പെടെ എത്തിച്ചു തെളിവെടുപ്പ് നടത്തി.
1986-92 കാലഘട്ടത്തിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസില്‍ അന്വേഷണം നേരിട്ട വിവാദ വ്യവസായിയാണ് മാര്‍ട്ടിന്‍. തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാര്‍ട്ടിന്‍ എന്ന പേരുമാറ്റി മാര്‍ട്ടിന്‍ സെബാസ്റ്റ്യനായി സിനിമാ നിര്‍മാണത്തില്‍ വീണ്ടും സജീവമാവുകയായിരുന്നുവെന്നും സൂര്യനെല്ലി കേസില്‍ ഉള്‍പെടെ പ്രതിയാണ് മാര്‍ട്ടിനെന്നും പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Kochi,Molestation,Case,Complaint,Accused,Arrested,Police,Crime, Producer arrested in Molestation case