കൊല്ലം: (www.kvartha.com) അഷ്ടമുടിക്കായലിലെ തുരുത്ത് കാണാന്‍ ആലപ്പുഴയില്‍ നിന്നെത്തിയ യുവാക്കളെ എട്ട് മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍വെച്ചു. ആലപ്പുഴ അരൂര്‍ സ്വദേശികളായ ഫൈസല്‍ (18), അമ്പാടി (19) എന്നിവരാണ് മണിക്കൂറുകളോളം കസ്റ്റഡിയില്‍ തുടര്‍ന്നത്.
മുഖ്യമന്ത്രി കൊല്ലത്തെത്തിയ വെള്ളിയാഴ്ചയാണ് സംഭവം. അഷ്ടമുടിക്കായലിന് നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാന്‍ ആലപ്പുഴയില്‍ നിന്നെത്തിയ യുവാക്കളെ കറുപ്പ് ഷര്‍ട് ഇട്ടതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
രാവിലെ 10 മണിയോടെയാണ് യുവാക്കള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷന് പുറത്തിറങ്ങി കടയില്‍ നിന്ന് വെള്ളം വാങ്ങി, സമീപത്ത് നിര്‍ത്തിവച്ചിരുന്ന ബൈകില്‍ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതെന്ന് യുവാക്കള്‍ പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത ക്യുഎസി മൈതാനത്തും ടൗണ്‍ ഹാളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ഇവിടെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
സ്റ്റേഷന് പുറത്തിറങ്ങിയതും ബൈക് മോഷ്ടാക്കളാണെന്ന് പറഞ്ഞ് ജീപില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നെന്ന് യുവാക്കള്‍ പറഞ്ഞു. തിരിച്ചു പോകാനുള്ള ട്രെയിന്‍ ടികറ്റടക്കം കാണിച്ചിട്ടും പൊലീസ് പോകാന്‍ അനുവദിച്ചില്ലെന്നും ഉച്ചകഴിഞ്ഞതോടെ കറുപ്പ് ഷര്‍ട് ധരിച്ച കുറച്ചുപേരെ കൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ഷര്‍ടിന്റെ നിറമാണ് അറസ്റ്റിന് കാരണമെന്ന് മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ പ്രദേശത്ത് ബൈക് മോഷണം വ്യാപകമായതിനാല്‍ മോഷ്ടാക്കളാണെന്ന് സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. തുടര്‍ന്ന് രാത്രിയോടെ അരൂരില്‍ നിന്ന് എത്തിയ രക്ഷിതാക്കള്‍ക്കൊപ്പം ഇവരെ വിട്ടയച്ചു.
Keywords: News,Kerala,Kollam,Police,Local-News,CM,Chief Minister,Custody,Top-Headlines,dress,theft, Police detained youth to avoid protest against CM