കൊച്ചി: (www.kvartha.com) മറവിയിലാണ്ട മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിക്ക് ഡൂഡിലിലൂടെ ആദരമര്‍പിച്ച് ഗൂഗിള്‍. പി കെ റോസിയുടെ 120-ാം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡിലായി തിരഞ്ഞെടുത്ത് അവരുടെ ചരിത്രത്തെ വീണ്ടും വിസ്മൃതിയില്‍ നിന്ന് വീണ്ടെടുത്തത്.
താന്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ നാട്ടില്‍ നിന്ന് അപമാനിതയായി ആട്ടിയോടിക്കപ്പെട്ട പി കെ റോസി ഇന്നും മലയാള സിനിമാ ചരിത്രത്തിലെ വേദനിപ്പിക്കുന്നതും ഉജ്വലിക്കുന്നതുമായ ഒരു ഏടാണ്.
ദളിത് ക്രിസ്റ്റിയന്‍ വിഭാഗത്തില്‍ നിന്നെത്തിയ പി കെ റോസി മലയാളത്തിന്റെ ആദ്യ നായികയാകുന്നതിനിടെ ജാതിഭ്രാന്തന്മാരില്‍ നിന്ന് ക്രൂരമായ പ്രതിരോധമാണ് നേരിട്ടത്. 1930 നവംബര്‍ ഏഴിനാണ് മലയാളത്തിലെ ആദ്യ സിനിമയായ ജെ സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ പുറത്തിറങ്ങുന്നത്. ഈ ചിത്രത്തില്‍ റോസിയുടെ നായകനായി ചിത്രത്തില്‍ അഭിനയിച്ചതും ഡാനിയേല്‍ തന്നെ.
സിനിമയില്‍ ഒരു സവര്‍ണ കഥാപാത്രത്തെയാണ് റോസി അവതരിപ്പിച്ചത്. ദളിത് വിഭാഗത്തില്‍പെട്ട റോസി സവര്‍ണരുടെ വേഷവിധാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നായികയായി സിനിമയില്‍ എത്തിയത് ജാതിഭ്രാന്തന്മാരെ പരിഭ്രാന്തരാക്കി. മലയാളത്തിന്റെ ആദ്യ നായിക ക്രൂരമായ അധിക്ഷേപങ്ങളാണ് ഇക്കൂട്ടരില്‍ നിന്നും നേരിട്ടത്. തുടര്‍ന്ന് തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് റോസിയെ ഇവര്‍ പരസ്യമായി വസ്ത്രാക്ഷേപം പോലും ചെയ്തു.
എന്നിട്ടും കലിയടങ്ങാതെ ചിലര്‍ റോസിയുടെ കുടിലിന് തീയിട്ടു. റോസിയെ നാട്ടില്‍ നിന്നും ആളുകളുടെ ഓര്‍മയില്‍ നിന്നുപോലും അപമാനിച്ച് ആട്ടിയിറക്കി വിടാനുള്ള നീക്കമുണ്ടായി. ഒടുവില്‍ ഹിന്ദു യാഥാസ്ഥിതികരുടെ ഉപദ്രവങ്ങളില്‍ പൊറുതിമുട്ടി റോസിയ്ക്ക് തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1988ല്‍ റോസി മരണപ്പെട്ടുവെന്ന് ചില റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.
Keywords: News,Kerala,State,Kochi,Actress,google,Top-Headlines,Entertainment,Cinema, PK Rosy birth anniversary: Google Doodle celebrates first lead Malayalam actress