നീതിക്കായി വിലപിക്കുന്നവരും ഒറ്റപ്പെട്ടവരുമായ അശരണരായ മനുഷ്യരുടെ ജീവിതവും ആത്മരോഷവും വരച്ചുകാട്ടുന്നതായിരുന്നു പിസി അജയകുമാറിന്റെ റിപോര്‍ടുകളിലൊരോന്നും. പച്ചയായ മനുഷ്യജീവിതങ്ങള്‍ തേടിയുളള യാത്രയായിരുന്നു അജയകുമാറിന്റെ യാത്രകള്‍. പിന്നീട് ദൃശ്യമാധ്യമത്തിലേക്ക് ചുവടുമാറ്റിയതോടെ വാര്‍ത്താ റിപോര്‍ടിങിന്റെ ഭാഷയുടെ മൂര്‍ച്ചയും ആഴവുംകൂടി. നീതിക്കായി പോരാടുന്നവരുടെ ഇടയിലേക്ക് അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന ഉറച്ച ചോദ്യങ്ങളുമായി അജയകുമാറെത്തി. അര്‍ബുദ രോഗാതുരനായപ്പോഴും പത്രപ്രവര്‍ത്തനം അജയകുമാര്‍ ലഹരിയായി കൊണ്ടുനടന്നു. ഏറ്റവും ഒടുവില്‍ തളര്‍ന്നു വീണു രോഗശയ്യയിലാകുന്നവരെ അദ്ദേഹം നിസ്വരായ ജനവിഭാഗങ്ങളുടെ സ്വന്തം ലേഖകനായി നിലകൊണ്ടു.
അവാര്‍ഡുകളോടും അംഗീകാരങ്ങളോടും വിമുഖത കാണിച്ചിരുന്ന പിസി അജയകുമാര്‍ താന്‍ വിശ്വസിച്ചിരുന്ന മനുഷ്യസ്‌നേഹമെന്ന ആശയത്തിന്റെ നിലപാടുതറയില്‍ നിന്നും എന്തുതന്നെ പ്രലോഭനങ്ങളുണ്ടായാലും അണുകിടതെറ്റാതെ ജീവിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു. ആമാശയ കാന്‍സറെന്ന മാരകരോഗം അദ്ദേഹത്തെ ബാധിച്ചത് വൈകിയാണ് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞതും. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. മംഗ്ളൂരിലാണ് അദ്യം ചികിത്സ തേടിയതെങ്കിലും പിന്നീട് മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് എത്തുകയായിരുന്നു. കഠിനമായ രോഗശയ്യക്കിടെയിലും അദ്ദേഹം തന്നെ കാണാനായി എത്തുന്നവരെ തിരിച്ചറിഞ്ഞു. പെയിന്‍ ആന്‍ഡ് പാലിയേറ്റിക്ക് പരിചരണം തുടര്‍ന്നു വരുന്നതിനിടെയാണ് രോഗാവസ്ഥ വഷളായത്. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം വിടവാങ്ങിയത്.
ഞായറാഴ്ച രാവിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പൊന്യത്തെ തറവാട്ട വീട്ടില്‍ എത്തിച്ചു. ഉച്ചയോടെ കുണ്ടുചിറ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. വീടിന് സമീപം നടന്ന അനുശോചന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ടികെ ഷാജി, അധ്യക്ഷത വഹിച്ചു. എംവി മുഹമ്മദ് സലിം, പൊന്യം ക്യഷ്ണന്‍, അനീഷ് പാതിരിയാട്, സി വത്സന്‍, പി ജനാര്‍ദനന്‍, എന്‍ ധനഞ്ജയന്‍, ഷാജി പാണ്ഡ്യാല, സിടി ഭാസ്‌കരന്‍, വിജേഷ്, എ ദിനേശന്‍, സി ബാബു, എംപി. അരവിന്ദാക്ഷന്‍, കെസി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Latest-News, Top-Headlines, Kannur, Journalists, Died, Obituary, Death, Worker, PC Ajay Kumar passed away.