Report | 'കോന്നി താലൂക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധി പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി, നടപടി എടുക്കണം'; കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യറുടെ അന്വേഷണ റിപോര്‍ട്

 


പത്തനംതിട്ട: (www.kvartha.com) കോന്നി താലൂക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായിരിക്കെ ഇതുസംബന്ധിച്ച് കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അന്വേഷണ റിപോര്‍ട് കൈമാറി. സംഭവം പൊതുജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് റിപോര്‍ടില്‍ പറയുന്നത്. ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. അന്വേഷണ റിപോര്‍ട് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ലാന്‍ഡ് റവന്യു കമിഷണര്‍ക്കും മന്ത്രിക്കും കൈമാറിയത്.

കോന്നി താലൂക് ഓഫിസില്‍നിന്ന് കൂട്ടത്തോടെ അവധിയെടുത്തും അല്ലാതെയും ഉദ്യോഗസ്ഥ സംഘം ഉല്ലാസയാത്ര പോയത് വന്‍ വിവാദമായിരുന്നു. 63 പേരുള്ള ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്ച 25 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയില്‍നിന്നു വിട്ടുനിന്നവരില്‍ 19 പേര്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മൂന്നാറിലേക്കു പോയത്. മറ്റുള്ളവര്‍ ഫീല്‍ഡ് ഡ്യൂടിക്ക് പോയെന്നാണ് അറിയിച്ചത്.

Report | 'കോന്നി താലൂക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധി പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി, നടപടി എടുക്കണം'; കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യറുടെ അന്വേഷണ റിപോര്‍ട്

സംഭവമറിഞ്ഞ് ഓഫിസിലെത്തിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറ്റന്‍ഡന്‍സ് രെജിസ്റ്റര്‍ പരിശോധിച്ചതും ഇതില്‍ എഡിഎമിന്റെയും ഡെപ്യൂടി തഹസില്‍ദാരുടെയും പ്രതികരണങ്ങളും സിപിഎം- സിപിഐ പരസ്യ പോരിന് കാരണമായി. തുടര്‍ന്ന് അഞ്ചു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് വകുപ്പ് മന്ത്രി കെ രാജന്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ക്വാറി ഉടമയുടെ സഹായത്തോടെയായിരുന്നു വിനോദയാത്രയെന്ന എംഎല്‍എയുടെ ആരോപണം ജീവനക്കാര്‍ നിഷേധിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നത് നാടകമാണെന്ന ഡെപ്യൂടി തഹസില്‍ദാരുടെ വാട്‌സാപ് പരാമര്‍ശം എംഎല്‍എയെ ചൊടിപ്പിച്ചിരുന്നു.

സംഭവത്തില്‍ ജീവനക്കാരെ കലക്ടറേറ്റിലേക്കു വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രേഖാമൂലം അവധിക്ക് അപേക്ഷ നല്‍കിയാണ് ജോലിയില്‍നിന്നു വിട്ടുനിന്നതെന്നും ഓഫിസിന്റെ പ്രവര്‍ത്തനം തടസ്സമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളവര്‍ അന്ന് ജോലിയില്‍ ഉണ്ടായിരുന്നു എന്നുമാണു ജീവനക്കാരുടെ മൊഴി.

അന്നേദിവസം ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയ പൊതുജനങ്ങള്‍ ജീവനക്കാരില്ലാത്തതിനാല്‍ തിരിച്ച് പോകേണ്ട അവസ്ഥയും വന്നിരുന്നു. അതുകൊണ്ടുതന്നെ അനധികൃതമായി ജോലിയില്‍നിന്നു വിട്ടുനിന്നവര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണു സൂചന.

Keywords: Pathanamthitta Collector handover report in Konni Taluk Office employees mass leave, Pathanamthitta, News, District Collector, Report, Trending, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia