ബെംഗ്‌ളൂറു: (www.kvartha.com) പാകിസ്താനില്‍ നിന്നുമെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. തന്റെ പ്രണയത്തെയും തേടി ഇന്‍ഡ്യയിലെത്തിയ 19 -കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും തന്നെ ഇല്ലെന്ന് പൊലീസ് വിശദീകരിച്ചു.
പെണ്‍കുട്ടിയുടെ സംഭവബഹുലമായ പ്രണയകഥയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെടുന്നത്. ഇത് വളര്‍ന്ന് പ്രണയമായതോടെ പെണ്‍കുട്ടി യുവാവിനെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.
നേപാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ അവള്‍ ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി. സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുന്നസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും.
പാകിസ്താനിലുള്ള തന്റെ അമ്മയേയും മറ്റ് കുടുംബാംഗങ്ങളേയും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അവളെ പിന്തുടരുന്നതും ബെംഗ്‌ളൂറു പൊലീസെത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നതും.
ഇക്രയെ പാകിസ്താനിലേക്ക് ഡീപോര്‍ട് ചെയ്യും. പാകിസ്താന്‍ അധികൃതരുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഡീപോര്‍ട് ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുക. രണ്ട് മാസമെങ്കിലും ഇതിനു വേണ്ടി എടുക്കും.
വിവാഹശേഷം ഇക്ര തന്റെ പേര് രവ യാദവ് എന്ന് മാറ്റിയിരുന്നു. രവ യാദവ് എന്ന പേരില്‍ ഇക്ര ഒരു ആധാര്‍ കാര്‍ഡും എടുത്തിരുന്നു. അതില്‍ യാദവിനെ അവളുടെ ഭര്‍ത്താവായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇന്‍ഡ്യന്‍ പാസ്‌പോര്‍ടിന് വേണ്ടിയും അവള്‍ അപേക്ഷിച്ചിട്ടുണ്ട്.
നിലവില്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ കസ്റ്റഡിയിലാണ് പെണ്‍കുട്ടി. എന്നാല്‍, ഇക്രയ്ക്ക് പാകിസ്താനിലേക്ക് പോകാന്‍ താല്പര്യമില്ല. മറിച്ച് ഇന്‍ഡ്യയില്‍ തന്റെ ഭര്‍ത്താവിനോടൊപ്പം താമസിക്കാനാണ് ഇഷ്ടം.
ഫോറിനേഴ്‌സ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവുമാണ് ഇക്രയ്ക്കും യാദവിനും എതിരെ കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി എത്തിയ ആള്‍ക്ക് വീട് വാടകയ്ക്ക് കൊടുത്തതിന് വീട്ടുടമയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
എന്നാല്‍ ഇക്രയ്‌ക്കോ യാദവിനോ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രണയത്തിന്റെ പേരിലും പ്രണയിച്ച ആളെ വിവാഹം കഴിക്കാനും വേണ്ടി മാത്രമാണ് അവള്‍ നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News,National,India,Bangalore,Arrested,Love,Police,Marriage,Border,Top-Headlines, Pak girl arrested from Bengaluru sneaked to India to marry Mulayam Singh Yadav she met online