കോണ്‍ഗ്രസ് ഭീകരതയെ പ്രതിരോധിച്ച പാര്‍ടിയാണു തില്ലങ്കേരിയിലേത്. പി ജയരാജന്‍ തില്ലങ്കേരിയിലേക്ക് എന്നാണു മാധ്യമങ്ങള്‍ പറഞ്ഞത്. ഞാന്‍ പിന്നെ എവിടെയാ പോകേണ്ടത്? 520 പാര്‍ടി മെമ്പര്‍മാരാണ് തില്ലങ്കേരിയിലെ പാര്‍ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിനെ പാര്‍ടിയില്‍നിന്നു പുറത്താക്കിയത് ഞാന്‍ പാര്‍ടി സെക്രടറി ആയിരുന്നപ്പോഴാണ്. അതിനു മുമ്പും അയാള്‍ക്കെതിരെ ചില കേസുകള്‍ ഉണ്ടായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
ക്വടേഷന്‍ സംഘത്തിന്റെ ഒരു സേവനവും ഈ പാര്‍ടിക്കു വേണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. ആകാശിനെ പുറത്താക്കിയപ്പോള്‍ത്തന്നെ പാര്‍ടി നിലപാട് വ്യക്തമാക്കിയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. പല വഴിക്ക് സഞ്ചരിക്കുന്നവര്‍ക്കു നിങ്ങളുടെ വഴി. പാര്‍ടിക്കു പാര്‍ടിയുടെ വഴി. പല വഴിക്കു സഞ്ചരിക്കുന്നവരുമായി രാജിയില്ല. അവരെ പാര്‍ടി സംരക്ഷിക്കില്ല.
ആകാശിന്റെ ഫേസ്ബുക് കമന്റ് വായിച്ചെന്നും ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങള്‍ പാര്‍ടിക്ക് ഒപ്പം നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പലവഴി തേടി പോയില്ല, പാര്‍ടി അവരെ സംരക്ഷിച്ചുവെന്നും പാര്‍ടി സംരക്ഷിച്ചില്ല എന്ന ആകാശിന്റെ പ്രതികരണത്തോടുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
പാര്‍ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത സംഭവമായിരുന്നു ശുഹൈബ് വധം. അതുകൊണ്ടുതന്നെ ആ കേസില്‍പ്പെട്ട എല്ലാവരെയും പാര്‍ടി പുറത്താക്കി. അതിനു മുമ്പ് ആകാശ് കേസില്‍പ്പെട്ടത് രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായായിരുന്നു. അന്ന് പാര്‍ടി സംരക്ഷിച്ചിട്ടുമുണ്ട്. ഇ പി ജയരാജനും ഞാനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല. ഞങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും ജയരാജന്‍ വ്യക്തമാക്കി.
മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പി ജയരാജനെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു കൊണ്ടാണ് തില്ലങ്കേരിയിലെ സിപിഎമിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങിയത്.
യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങള്‍ക്ക് ബോധ്യം വരണമെങ്കില്‍ പി ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
ആകാശിന് മറുപടി പറയേണ്ടതില്ലെന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുന്‍പ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദം തീര്‍ക്കാനാണ് ശ്രമം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തില്ലങ്കേരി ലോകല്‍ കമിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകള്‍ക്കും സിപിഎം കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ആകാശിന് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നല്‍കേണ്ട കാര്യമില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം പ്രതികരണങ്ങള്‍ പാര്‍ടിക്ക് ക്ഷീണം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.
Keywords: P Jayarajan on CPM's public meeting on Akash Thillankeri, Kannur, News, Politics, Criticism, Controversy, Kerala.